തിരുവനന്തപുരം: എബിവിപിയുടെ മഹാറാലിയില്‍ രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. രാവിലെ 10.30 ഓടെ മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി പുത്തരിക്കണ്ടം മൈതാനിയിലാണ് അവസാനിച്ചത്. ‘അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാർക്സിസം’ എന്ന മുദ്രാവാക്യമുയർത്തി നടന്ന റാലിയിൽ കേരളത്തില്‍ നിന്നുമുള്ള വിദ്യാർത്ഥികളുടെ റാലി പിഎംജി ജംഗ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്.

തലസ്ഥാനത്ത് നടന്ന റാലിയില്‍ പങ്കെടുക്കാന്‍ മധ്യപ്രദേശില്‍ നിന്നുളള എബിവിപി പ്രവര്‍ത്തകര്‍ ടിക്കറ്റ് എടുക്കാതെ എത്തിയത് മുതല്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ട്. ഹെല്‍മറ്റിടാതെ ഇരുചക്രവാഹനങ്ങളില്‍ റാലി നടത്തിയതും ചര്‍ച്ചക്ക് വിഷയമായി.

റാലിയില്‍ പ്രവര്‍ത്തകര്‍ ഏന്തിയിരിക്കുന്ന പ്ലക്കാര്‍ഡുകളിലെ പേരുകളും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നവയാണ്. ചിലതില്‍ സംസ്ഥാനങ്ങളുടെ പേരാണ് എഴുതിയിരിക്കുന്നതെങ്കില്‍ മറ്റ് ചിലരുടെ കൈയിലുളള പ്ലക്കാര്‍ഡുകളില്‍ പ്രദേശങ്ങളുടെ പേരാണ് എഴുതിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പേരുകളിലെ അക്ഷരവിന്യാസങ്ങളിലെ പ്രത്യേകതകളും ശ്രദ്ധിക്കപ്പെട്ടു.

ചലോ കേരള ക്യാംപെയിനില്‍ പങ്കെടുക്കുന്നതിനായുള്ള എബിവിപി പ്രവര്‍ത്തകരുടെ ട്രെയിന്‍ യാത്ര നേരത്തേ വിവാദത്തിന്‍റെ കോളത്തില്‍ എത്തിയിരുന്നു. വ്യാഴാഴ്ചയായിരുന്നു ഇന്‍ഡോറില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചലോ കേരള ക്യാംപെയിനില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച എബിവിപി പ്രവര്‍ത്തകര്‍ ട്രെയിനിന് ഉള്ളില്‍ പ്രശ്നങ്ങള്‍ തീര്‍ത്തത്.

ആളെ നിറയ്ക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ അണിനിരത്തി എന്ന ആരോപണം ഉള്‍പ്പെടെ നേരിട്ടായിരുന്നു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര കടന്നുപോയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടിലൂടെ കടന്നുപോവുന്ന ജനരക്ഷാ യാത്രയില്‍ നിന്നും വിട്ടുനിന്ന അമിത് ഷായുടെ നടപടി ഉള്‍പ്പെടെ ആയുധമാക്കിയായിരുന്നു സിപിഎമ്മിന്‍റെ പരിഹാസം. ഇങ്ങനെ ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ ഉയര്‍ന്ന പ്രതികൂല വികാരങ്ങളെ ഇല്ലാതാക്കുക ലക്ഷ്യമിട്ടായിരുന്നു എബിവിപി ചലോ കേരള ക്യാംപെയിനിനു പദ്ധതിയിട്ടത്.

പക്ഷേ തങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് പറ്റിയതിനേക്കാള്‍ വലിയ വീഴ്ചയായിരുന്നു ക്യാംപെയിന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എബിവിപിക്ക് സംഭവിച്ചത്. മധ്യപ്രദേശില്‍ നിന്നുമുള്ള 18 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുമുണ്ട്. തിരുവനന്തപുരത്തേക്ക് ചലോ കേരള ക്യാംപെയിനില്‍ പങ്കെടുക്കുന്നതിനായി വരികയായിരുന്ന ഇവര്‍ ടിക്കറ്റ് ഇല്ലാതെയായിരുന്നു യാത്ര ചെയ്തിരുന്നത്.

ടിക്കറ്റ് ഇല്ലാതിരുന്നതിന് പുറമെ മറ്റ് യാത്രക്കാര്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക്  കടക്കാതിരിക്കുന്നതിനായി വാതില്‍ അടച്ചിടുകയും ചെയ്തു. ഇതുകൊണ്ടും കഴിഞ്ഞില്ല, എമര്‍ജന്‍സി ചെയിന്‍ വലിച്ച ട്രെയിന്‍ നിര്‍ത്തിച്ച എബിവിപി പ്രവര്‍ത്തകര്‍ മറ്റ് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് തീര്‍ത്തത്.

‘ചലോ കേരള’ ക്യാംപെയ്നില്‍ പങ്കെടുക്കുന്നതിനായി ഇന്‍ഡോറില്‍ നിന്നും കൊച്ചുവേളി എക്സ്പ്രസിലായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ യാത്ര. ഇന്‍ഡോര്‍ മുതല്‍ തന്നെ ഇവര്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് വ്യക്തമാക്കുന്നു.

കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍, ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് കയറാന്‍ സാധിക്കാത്തതിനെതിരെ യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് 15 എബിവിപി പ്രവര്‍ത്തകര്‍ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമായത്.

കോഴിക്കോട് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ രണ്ട് എബിവിപി പ്രവര്‍ത്തകരെ റെയില്‍വേ പൊലീസ് കേസെടുത്തു. കോഴിക്കോട് നിന്നും ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ മറ്റൊരു എബിവിപി പ്രവര്‍ത്തകന്‍ എമര്‍ജന്‍സി ചെയിന്‍ വലിച്ച്‌ ട്രെയിന്‍ നിര്‍ത്തിച്ചു. ഇയാള്‍ക്കെതിരേയും റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.