തൃശ്ശൂർ: ചരിത്രത്തെ ഫൊട്ടോഗ്രഫിയിൽ സന്നിവേശിപ്പിച്ച് പ്രശസ്ത ഫൊട്ടോഗ്രാഫർ അബുൾ കലാം ആസാദിന്റെ ഫൊട്ടോ പ്രദർശനം തൃശ്ശൂരിൽ നടന്നു. സംഘകാല ചരിത്രങ്ങളിൽ പ്രതിപാദിക്കുന്ന തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ പുക്കാർ എന്ന സ്ഥലത്തെ ജീവിതമാണ് അബുൾ കലാം ആസാദ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.  മൂന്ന് ദിവസം നീണ്ടു നിന്ന  പ്രദർശനം വെള്ളിയാഴ്ച്ച ചെണ്ട വിദ്വാൻ പെരുവനം കുട്ടൻ മാരാണ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‌തത്.

കാവേരി നദിക്കരയിൽ സ്ഥിതി ചെയ്‌തിരുന്ന ഈ പ്രദേശത്തെ സംഘകാലത്തിൽ കാവേരിപൂംപട്ടണം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് വിദേശീയരുമായി നടന്നിരുന്ന സാംസ്കാരിക കൈമാറ്റങ്ങളെ അടയാളപ്പെടുത്തുകയും, നമ്മുടെ വേരുകളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമാണ് ഫൊട്ടോ പ്രദർശനം കൊണ്ട് ഉദേശിച്ചത് എന്നാണ് അബുൾ കലം ആസാദ് വ്യക്തമാക്കുന്നത്. ‘സ്റ്റോറി ഓഫ് ലവ്,’ ‘ഡിസയർ ആൻഡ് അഗണി’ എന്നീ ഫൊട്ടോ സീരിസിന് ശേഷം പ്രദർശിപ്പിക്കുന്നതാണ് ‘മെൻ ഓഫ് പുക്കാർ.’

 

“ഇപ്പോൾ ഈ പ്രദർശനം നടത്തപ്പെടുന്ന മനയിലേയ്ക്ക് അതിന്റെ ഒരുകാലത്തും നാനാമതസ്ഥരായ നാട്ടുകാർക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ദലിതരും മറ്റ് ന്യൂനപക്ഷങ്ങളും വസിക്കുന്ന പൂം പുകാർ എന്ന സംഘകാലബാന്ധവമുള്ള ഒരു പ്രദേശത്ത് നിന്നും പകർത്തപ്പെട്ട ഈ ഫൊട്ടോഗ്രാഫുകൾ പ്രദർശനം നടന്ന മൂന്ന് ദിവസങ്ങൾ ദുരാചാരങ്ങളുടെ ഒരു പ്രതീകമായ നാലുകെട്ടിലേയ്ക്ക് കീഴാളരെയും കയറാനായി പ്രേരിപ്പിച്ചു എന്നത് ഒരു ചരിത്രനിയോഗമാണെന്നും,” ആസാദ് പറഞ്ഞു.

ഫൊട്ടോഗ്രാഫി രംഗത്ത് നിരവധി വർഷത്തെ പരിചയസമ്പത്തുണ്ട് ആസാദിന്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ ഫൊട്ടോ ജേണലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ സ്കോളർഷിപ്പ്, ചാൾസ് വാലൻസ് ഫെല്ലോഷിപ്പ് എന്നിവയും നേടിയിട്ടുണ്ട് . ചരിത്രത്തെ ഫൊട്ടോഗ്രാഫിയുമായി സമന്വയിപ്പിച്ചാണ് ആസാദ് ഫൊട്ടോ പ്രദർശനം നടത്തുന്നത്. കേരളത്തിന്റെ മറ്റുപ്രദേശങ്ങളിലും ഈ പ്രദർശനം നടത്താൻ ഉദ്ദേശമുണ്ടെന്നും ആസാദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.