വാഷിങ്ടണ്‍: ഗർഭച്ഛിദ്രം കൊലപാതകം ആണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗർഭച്ഛിദ്രം നിരോധിക്കുന്ന പുതിയ ടെക്സാസ് നിയമം നടപ്പാക്കുന്നത് തടയണമെന്ന് ബൈഡൻ ഭരണകൂടം കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തെ യുഎസ് ബിഷപ്പുമാര്‍ രാഷ്ട്രീയമായ രീതിയില്‍ സമീപിക്കരുതെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചു.
കത്തോലിക്ക സഭയിൽ ഉൾപ്പെടുന്ന ബൈഡൻ വ്യക്തിപരമായി ഗർഭച്ഛിദ്രത്തിന് എതിരാണെങ്കിലും ഒരു സ്ത്രീയുടെ അവകാശത്തെ പിന്തുണച്ചതിനാൽ അദ്ദേഹത്തിന് കുര്‍ബാന നിഷേധിക്കണോ എന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാർപാപ്പയുടെ മറുപടി.
“ഞാൻ ഒരിക്കലും ആർക്കും കുര്‍ബാന നിഷേധിച്ചിട്ടില്ല. എന്നാൽ നിങ്ങൾ വിവരിച്ചതുപോലുള്ള ഒരു സംഭവം മുൻപ് എന്റെ മുന്നിൽ എത്തിയിട്ടില്ല എന്നതാണ് സത്യം,” അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭയിൽ ഉൾപ്പെടുന്ന രാഷ്ട്രീയക്കാർക്ക് താക്കീത് നൽകുന്നതിനുള്ള ഒരു പ്രസ്താവന രൂപീകരിക്കുന്നതിനായി കഴിഞ്ഞ ജൂണിൽ യുഎസ് റോമൻ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തിൽ വോട്ടെടുപ്പ് നടത്തിയിരുന്നു.
“കുർബാന എല്ലാം തികഞ്ഞവർക്ക് മാത്രമുള്ള ഒന്നല്ല. യേശുവിന്റെയും സഭയുടെയും സാന്നിധ്യമാണ് കുർബാനയിലൂടെ ലഭിക്കുന്നത്. ഗർഭച്ഛിദ്രം കൊലപാതകമാണ് . ഗർഭച്ഛിദ്രം നടത്തുന്നവർ കൊലപാതകമാണ് നടത്തുന്നത്,” മാര്‍പ്പാപ്പ കൂട്ടിച്ചേർത്തു.
“ഗർഭധാരണത്തിനു ശേഷമുള്ള മൂന്നാമത്തെ ആഴ്ചയിൽ, മിക്കവാറും അമ്മ ഗർഭിണിയാണെന്ന് അറിയുന്നതിന് മുമ്പുതന്നെ, എല്ലാ അവയവങ്ങളും വികസിക്കാൻ തുടങ്ങുന്നു. ഇതൊരു മനുഷ്യജീവനാണ്. അതിനെ ബഹുമാനിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഗർഭച്ഛിദ്രം നിരോധിക്കുന്ന പുതിയ ടെക്സാസ് നിയമം നടപ്പാക്കുന്നത് തടയണമെന്ന് ബൈഡൻ ഭരണകൂടം കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക്കൻ പിന്തുണയോടെ പാസായ നിയമ പ്രകാരം ഭ്രൂണത്തിന് ഹൃദയമിടിപ്പ് കണ്ടെത്തിയാൽ ഗർഭം അലസിപ്പിക്കാനാകില്ല.
ഗർഭച്ഛിദ്രം നടത്തുന്നതിന് കൂട്ടു നിൽക്കുന്ന കത്തോലിക്ക സഭയിൽ ഉൾപ്പെട്ട ഒരാൾ പള്ളിയിൽ നിന്ന് സ്വയം പുറത്ത് പോകുമെന്നതാണ് നിയമം. എന്നാൽ വ്യക്തിപരമായി എതിർപ്പ് ഉണ്ടെങ്കിലും ജനപ്രതിനിധി എന്ന നിലയിൽ അതിനെ പിന്തുണക്കേണ്ടി വരുന്നവരെ കുറിച്ച് നിയമം വ്യക്തമാക്കുന്നില്ല.
ബിഷപ്പുമാർ വിഷയം രാഷ്ട്രീയമായല്ല മറിച്ച് പാസ്റ്ററൽ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് മാർപ്പാപ്പ പറഞ്ഞു. “ഒരു പാസ്റ്റർക്ക് ഏത് നിമിഷവും എന്തു ചെയ്യണമെന്ന് അറിയാം, പക്ഷേ പാസ്റ്ററൽ വേഷം അഴിച്ചു വെച്ചാൽ അയാൾ ഒരു രാഷ്ട്രീയക്കാരനാകും,”ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു.