തൊടുപുഴ: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം കഴിഞ്ഞു. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍. 10.30 നായിരുന്നു മുഹൂര്‍ത്തം.

അഭിമന്യു ആഗ്രഹിച്ച പോലെ വിപുലമായാണ് വട്ടവടക്കാര്‍ വിവാഹം നടത്തിയത്. വൈദ്യുത മന്ത്രി എം.എം.മണി അടക്കമുള്ളവര്‍ ആഘോഷത്തിന്റെ ഭാഗമാകാന്‍ വിവാഹത്തിനെത്തും. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. അഭിമന്യുവിന്റെ അഭാവത്തില്‍ സഹോദരന്‍ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്.

പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയും അതില്‍ മൂന്ന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കുത്തേറ്റ അഭിമന്യു കൊല്ലപ്പെട്ടു. അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വയറില്‍ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാര്‍ത്ഥിക്കും പരുക്കേറ്റിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.