കൊച്ചി: മഹാരാജാസ് കോളേജിൽ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കടലിലേക്കും. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ച് പുറംകടലിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മഹാരാജാസ് കോളേജിലെ കിഴക്ക് വശത്തെ ഗേറ്റിന് സമീപത്തായി കൊലപാതകം നടന്ന ശേഷം ഓട്ടോറിക്ഷയിലാണ് നാല് പ്രതികൾ കടന്നത്. ഇവർ ചുള്ളിക്കലിൽ പെട്രോൾ പമ്പിന് സമീപത്ത് ഓട്ടോ യിൽ നിന്ന് ഇറങ്ങിയ ശേഷം എസ് ഡി പി ഐ ഓഫീസിന് നേരെയാണ് നടന്ന് പോയത്. ഇവരിൽ ഒരാൾ ഷർട്ട് ധരിച്ചിട്ടില്ലായിരുന്നുവെന്നാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി.
ചുള്ളിക്കലെത്തിയ പ്രതികളെ പിടിക്കാൻ വിവരം ലഭിച്ച ഉടൻ തന്നെ സി ഐ അനന്ത ലാലും സംഘവും പോയിരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു. എന്നാൽ ഈ പ്രദേശത്ത് നിന്ന് ആരെയും പിടിക്കാൻ സാധിച്ചില്ല.

മൂന്ന് ദിവസത്തിന് ശേഷമാണ് കൊലയാളി സംഘത്തിലെ എല്ലാവരെ യും തിരിച്ചറിഞ്ഞത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ, ബാങ്കിംഗ് സേവനം എന്നിവ നടത്താത്തത് പൊലീസിന് കൂടുതൽ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് പ്രതികൾ പുറംകടലിൽ ഉണ്ടായിരിക്കാം എന്ന സംശയത്തിന് പുറകെയും പൊലീസ് നീങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ