കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പൊലീസ് സമർപ്പിച്ച ഒന്നാം ഘട്ട കുറ്റപത്രത്തിൽ ഉൾപ്പെട്ട 16 പ്രതികളുടെ വിചാരണ നടപടികളാണ് ഇന്ന് ആരംഭിക്കുന്നത്. 27 പ്രതികളാണ് കേസിൽ ആകെ ഉള്ളത്, ഇതിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ അഞ്ച് പേർ ജാമ്യത്തിലാണ്.

കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള ഒന്ന് മുതൽ 16 പ്രതികളുടെ കുറ്റപത്രമാണ് പൊലീസ് ആദ്യം സമർപ്പിച്ചത്. മറ്റ് പ്രതികൾക്കെതിരെയുള്ള രണ്ടാം കുറ്റപത്രം പൊലീസ് ഉടൻ സമർപ്പിക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ഏഴ് പേരെയാണ് ഇനി പിടികൂടാനുളളത്. മുഹമ്മദ് ഷമീം എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എസ്‌ഡിപിഐ പ്രവർത്തകനായ ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ എത്തിയത്. ജൂലൈ രണ്ടിന് പുലർച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.

ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അക്രമം അഴിച്ചു വിടുകയും അതിൽ മൂന്ന് എസ്എഫ്ഐ​ വിദ്യാർത്ഥികൾക്ക് കുത്തേൽക്കുകയും ചെയ്തു. കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അർജുൻ എന്ന വിദ്യാർത്ഥിക്ക് വയറിൽ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാർത്ഥിക്കും പരുക്കേറ്റിരുന്നു. മറ്റ് വിദ്യാർത്ഥികളെ ആയുധങ്ങളുപയോഗിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.