ആലപ്പുഴ: അഭിമന്യു കൊലക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലീം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തു. അഭിമന്യു വധത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടാകാം എന്ന നിഗമനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുന്നു പേര്‍ രാജ്യം വിട്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം രാജ്യാന്തര അന്വേഷണ സംഘടനയായ ഇന്റര്‍പോളിന്റെ സഹായം തേടുന്നുണ്ട്. കൊലപാതകം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയതെന്നിരിക്കേ ഇതിന് മുന്‍പ് തന്നെ പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിരുന്നെന്നാണ് സൂചനകള്‍. റോഡ്മാര്‍ഗം ഹൈദരാബാദിലെത്തിയാണ് ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് പ്രാഥമിക വിവരം. ഇതിനായി വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സഘം വിലയിരുത്തുന്നുണ്ട്.

ഇതിനിടെ കൊലപാതക സംഘത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിചാരണക്കിടെ എന്‍ഐഎ കോടതി വിട്ടയച്ചവരാണ് ഇവരെന്നും, അഭിമന്യുവിന്റെ കൊലപാതകത്തില്‍ ദീര്‍ഘകാലത്തെ ഗൂഢാലോചന നടത്തിയിരുന്നതായും പൊലീസ് പറയുന്നു. അക്രമികള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ