ആലപ്പുഴ: വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യു കൊലപാതക കേസിൽ മുഖ്യ പ്രതി കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജയ് ജിത്താണ് കീഴടങ്ങിയത്. വള്ളിക്കുന്നം സ്വദേശി തന്നെയാണ് സഞ്ജയ് ജിത്ത്. നടപടി ക്രമങ്ങള്‍ ഉടന്‍ പൂർത്തിയാകുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കേസില്‍ സഞ്ജയ് ജിത്ത് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് സൂചന.
Read More: അനധികൃത സ്വത്ത് സമ്പാദന കേസ്: കെ. എം ഷാജി വിജിലൻസിന് മുന്നിൽ
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ സഹോദരനും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഈ വൈരാഗ്യത്തെത്തുടർന്നുള്ള സംഘർഷത്തിനിടെ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം.
അഭിമന്യു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘സ്കൂളില്‍ എസ്എഫ്ഐയില്‍ ഉണ്ടായിരിക്കാം, പക്ഷെ സജീവ പ്രവര്‍ത്തകനല്ല. ഒരു പ്രശ്നത്തിനും പോകാറില്ല,’ പിതാവ് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് തുടക്കം മുതലേ സിപിഎം ആരോപിക്കുന്നത്. കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരന്‍ അനന്തു പ്രാദേശിക ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. അനന്തുവും സഞ്ജയ് ദത്തും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്നും ഇതാണ് കൊലയിലേക്ക് വഴിവച്ചതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു.