കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) ആണ് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. രണ്ടു വർഷമായി സഹൽ ഒളിവിലായിരുന്നു.
കേസിലെ മുഖ്യപ്രതിയായ സഹലിനുവേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഭിമന്യുവിനെ കുത്തിയത് സഹൽ ആയിരുന്നുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കൊലപാതകത്തിൽ 16 പ്രതികളാണ് നേരിട്ട് പങ്കെടുത്തത്. ഇതിൽ 15 പേരും പല ഘട്ടങ്ങളിലായി പൊലീസിൽ കീഴടങ്ങി. സഹൽ മാത്രമായിരുന്നു കീഴടങ്ങാനുണ്ടായിരുന്നത്.
Read Also: നീലക്കുറിഞ്ഞിയിൽ അഭിമന്യു പൂക്കുമ്പോൾ
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് ക്യാംപസിൽ വച്ചുണ്ടായ സംഘട്ടനത്തിൽ അഭിമന്യു (20) കുത്തേറ്റു മരിച്ചത്. രണ്ടാം വർഷ ഫിലോസഫി വിദ്യാർഥിയായിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുമായി പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ചുവരെഴുതാനായി തയ്യാറാക്കി വച്ചിരുന്ന സ്ഥലത്ത് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം എഴുതിയതാണ് തർക്കത്തിന് വഴിവച്ചത്. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇവർ നേരത്തെ നടത്തിയ ഗൂഢാലോചന പ്രകാരമാണ് ഇവിടേക്ക് സംഘടിച്ചെത്തിയതെന്നാണ് പൊലീസ് കേസ്.