കൊച്ചി: ക്യാംപസിൽ വിപ്ലവവും പ്രണയചിന്തകളും സൗഹൃദങ്ങളുടെ നീളൻ നിരയുമായി, അഭിമന്യു വന്നത് ഇടുക്കി കൊട്ടാക്കമ്പൂരിൽ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ്. ആ ഗ്രാമത്തിൽ നിന്നും പുറത്തു പഠിക്കാൻ പോകുന്ന ആദ്യ വിദ്യാർത്ഥികളിൽ ഒരാൾ. മൂർച്ചയുള്ള കത്തി നെഞ്ചിലേക്ക് കുത്തിയിറക്കിയപ്പോൾ പൊലിഞ്ഞത് 20 വയസ്സുകാരന്റെ ജീവൻ മാത്രമല്ല, ഒരു നാടിന്റെ കൂടി പ്രതീക്ഷ.

തിങ്കളാഴ്‌ച പരീക്ഷ ഉള്ളതുകൊണ്ടാണ് പോരുന്നതെന്നു പറഞ്ഞാണ് ഡിവൈഎഫ്‌ഐ വട്ടവട വില്ലേജ്‌ സമ്മേളനം ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്‌തശേഷം വൈകിട്ട്‌ നാലോടെ അഭിമന്യു കോളേജിലേക്ക്‌ തിരിച്ചുപോയത്‌. ഇടുക്കി വട്ടവട കൊട്ടക്കാമ്പൂർ രണ്ടാം വാർഡിൽ സൂപ്പവീട്ടിൽ എസ്‌.ആർ.മനോഹരന്റെ മകനാണ്‌. എന്നാല്‍ മകന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മനോഹരന്‍ പറഞ്ഞു. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപാതകം നടത്തിയതെന്ന് മനോഹരന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘കൊല ആസൂത്രിതമാണ്. അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. അവന്‍ കോളേജിലെത്തി അരമണിക്കൂറിനകമാണ് കൊലപാതകം നടന്നത്. കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരണം’, മനോഹരന്‍ പറഞ്ഞു.

ഞായറാഴ്‌ച വൈകിട്ട് ബസ് കിട്ടാത്തതിനെ തുടര്‍ന്ന് രാത്രിയോടെ ഒരു ലോറിയിലാണ് അഭിമന്യു എറണാകുളത്ത് എത്തിയത്. പിന്നീട് രാത്രിയോടെ കോളേജിന് അടുത്ത് കൂട്ടുകാരോടൊത്ത് സംസാരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയിലും പഠിക്കാൻ മിടുക്കനായ ഇളയ മകൻ അഭിമന്യുവിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്‌ചയ്‌ക്കും മാതാപിതാക്കൾ തയ്യാറായിരുന്നില്ല. സാമ്പത്തികം ഒരു വെല്ലുവിളിയായപ്പോൾ മൂത്ത മക്കൾക്ക് വിദ്യാഭ്യാസം പാതി വഴി ഉപേക്ഷിക്കേണ്ടി വന്നു. അച്‌ഛൻ മനോഹരനും അമ്മ ഭൂപതിയും സ്‌കൂളിൽ പോയിട്ടില്ല.

സ്വന്തമായുള്ള രണ്ടേക്കറിൽ ഒന്നര ഏക്കറോളം പാറയാണ്. ബാക്കി അരയേക്കറിൽ വെളുത്തുള്ളി, ബീൻസ്, കാരറ്റ് എന്നിവയാണ‌് കൃഷി. അതിൽനിന്ന് കിട്ടുന്നത് തുച‌്ഛ വരുമാനം. ഇടവേളകളിൽ തൊഴിലുറപ്പ് ജോലിക്ക് പോയി മനോഹരനും ഭൂപതിക്കും കിട്ടുന്ന ചെറിയ സംഖ്യയാണ് ജീവിതം നിലനിർത്തുന്നത്. മൂത്തമകൾ കൗസല്യക്ക് കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയിൽ കിട്ടിയ ചെറിയ ജോലിയിലെ വരുമാനവും, കൂലിപ്പണിയിലൂടെ കിട്ടുന്നതും ചേർത്തപ്പോൾ കുടുംബം രണ്ടറ്റം കൂട്ടിമുട്ടിക്കുമെന്ന നിലയായി. ഇതിനിടെയാണ് പോപ്പുലർ ഫ്രണ്ടുകാരുടെ കൊലക്കത്തി ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ തല്ലി കൊഴിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ