കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദവിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പിന്നാലെ പൊലീസ് ഉണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. 11 പേരോളമാണ് ഇനിയും പിടിയിലാകാനുള്ളത്.

മൂവാറ്റുപുഴയിൽ കോളേജ് അധ്യാപകന്‍റെ കൈവെട്ടിയ കേസിലും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവയുമായി ബന്ധപ്പെട്ട കേസിലും ഒളിവിൽ കഴിയുന്നതോ ജാമ്യത്തിലിറങ്ങിയിട്ടുള്ളതോ ആയ പ്രതികൾക്ക് അഭിമന്യുവിന്‍റെ കൊലപാതകത്തിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും എത്തിയിട്ടുണ്ട്.

നേരത്തെ, അഭിമന്യുവിനെ കോളേജില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലായിരുന്നു. നെട്ടൂര്‍ സ്വദേശി സെയ്ഫിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. അഭിമന്യു കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇതോടെ അഭിമന്യു കൊലപാതക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെയാളാണിത്. നേരത്തെ സംഭവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഈ മൂന്ന് പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡയില്‍ വിട്ടുകിട്ടുന്നതിനായി നാളെ അപേക്ഷ നല്‍കും.

ഞായറാഴ്‌ച അര്‍ദ്ധ രാത്രിയോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. മഹാരാജാസ് കോളജില്‍ പുതിയ അക്കാദമിക് വര്‍ഷത്തിലെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യാനായി പോസ്റ്റര്‍ പതിക്കുന്നതും ചുവരെഴുതുന്നതും സംബന്ധിച്ച വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചിത്. എസ്എഫ്ഐ, കാമ്പസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുളള വാക്ക് തര്‍ക്കത്തില്‍ പുറത്തുനിന്നുളളവര്‍ വന്ന് വിദ്യാര്‍ത്ഥികളെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അഭിമന്യു സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒപ്പം കുത്തേറ്റ അര്‍ജുന്‍ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ്.

മാരകമായ കുത്തേറ്റ അഭിമന്യു അക്രമത്തിനിരായായി നിമിഷങ്ങള്‍ക്കം മരണടഞ്ഞിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. കൊലപാതകം നടത്തിയ വ്യക്തി ഇത്തരം കാര്യങ്ങളില്‍ പരിശീലനം സിദ്ധിച്ചയാളാകാനുളള സാധ്യതയുണ്ടെന്ന പൊലീസ് വാദത്തിന് ബലം നല്‍കുന്നതാണ് അഭിമന്യുവിനെ കുത്തിയ രീതിയെന്നാണ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ