കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ വധിച്ചത് മുഹമ്മദ് ഷഹീമെന്ന് കുറ്റപത്രം. 16 പേരാണ് പ്രതികള്‍. പള്ളുരുത്തി സ്വദേശിയാണ് മുഹമ്മദ് ഷഹീം. കേസില്‍ കുറ്റപത്രം രണ്ട് ദിവസത്തിനുളളിൽ സമർപ്പിക്കും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ എസിപി എസ്.സുരേഷ് കുമാർ സ്ഥിരീകരിച്ചു. അഭിമന്യു വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുളള പ്രതികളുടെ റിമാന്റ് കാലാവധി 90 ദിവസം പൂർത്തിയാകാനിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നീക്കം.

കേസ് രണ്ട് നിലയ്ക്കാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകവും, ഗൂഢാലോചനയും വെവ്വേറെയാണ് അന്വേഷണം നടക്കുന്നത്. ഇതിൽ കൊലക്കുറ്റം സംബന്ധിച്ച കുറ്റപത്രമാണ് നാളെയോ മറ്റന്നാളോ കോടതിയിൽ സമർപ്പിക്കുക. പ്രതികളുടെ ജാമ്യാപേക്ഷ തടയാനാണ് ശ്രമിക്കുന്നതെന്ന് എസിപി സുരേഷ് കുമാർ വിശദീകരിച്ചു.

“പ്രതികളിൽ ചിലർ ജുഡീഷ്യൽ കസ്റ്റഡിയിൽ 90 ദിവസം പൂർത്തിയാക്കാറായി. ഈ സാഹചര്യത്തിൽ ജാമ്യം തടയുകയാണ് ലക്ഷ്യം. നാളെ അല്ലെങ്കിൽ മറ്റന്നാൾ കുറ്റപത്രം സമർപ്പിക്കും. കൊലക്കേസിലാണ് കുറ്റപത്രം സമർപ്പിക്കുക. ഗൂഢാലോചന കേസ് വേറെ അന്വേഷിക്കുന്നുണ്ട്,” അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിന്റെ കൊലപാതകത്തിൽ എത്തിയത്.  ജൂലൈ രണ്ടിന് രാത്രിയിലായിരുന്നു സംഭവം. മഹാരാജാസ് കോളേജിൽ എസ്എഫ്ഐ  പ്രവർത്തകർ ചുവരെഴുതാനായി തയ്യാറാക്കി വച്ചിരുന്ന സ്ഥലത്ത് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം എഴുതിയതാണ് തുടക്കം.

ഇത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ ക്യാംപസ് ഫ്രണ്ട്, എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ അഭിമന്യു കൊല്ലപ്പെട്ടു. അർജുൻ എന്ന മറ്റൊരു വിദ്യാർത്ഥിക്കും ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തെ രക്ഷിക്കാനായി.

കേസിൽ നേരിട്ട് പങ്കാളികളായ ഏഴ് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റും കൊലക്കേസിലെ മൂന്നാം പ്രതിയുമായ ആരിഫ് ബിൻ സലിമിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.

പാണാവള്ളി നമ്പിപുത്തലത്ത് വീട്ടില്‍ മുഹമ്മദ് ഷഹീം (31), പാലിയത്ത് വീട്ടില്‍ പി.എം.ഫായിസ് (20), കച്ചേരിപ്പടി ഭാഗത്ത് വെളിപ്പറമ്പ് വീട്ടില്‍ വി.എന്‍.ഷിഫാസ് (23), മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സഹല്‍ (21), പള്ളുരുത്തിയില്‍ പുതുവീട്ടില്‍ പറമ്പില്‍ ജിസാല്‍ റസാഖ് (21), കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തന്‍സീല്‍ (25), മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സനിദ് (26) എന്നിവരാണ് ഇനി പിടിയിലാകാനുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.