കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയിൽ കുറ്റപത്രം നൽകി. 16 പ്രതികൾക്കെതിരായാണ് കുറ്റപത്രം. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ പി.സുരേഷ് കുമാറാണ് കുറ്റപത്രം നൽകിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമർപ്പിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ഏഴ് പേരെയാണ് ഇനി പിടികൂടാനുളളത്. മുഹമ്മദ് ഷമീം എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എസ്ഡിപിഐ പ്രവർത്തകനായ ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. സംഭവം നടന്ന് 90 ദിവസം പൂർത്തിയാകാറായ സാഹചര്യത്തിൽ പ്രതികൾ ജാമ്യം നേടാനുളള സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് കുറ്റപത്രം വേഗത്തിൽ സമർപ്പിച്ചത്.
പള്ളുരുത്തി സ്വദേശിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയ മുഹമ്മദ് ഷഹീം. കേസിൽ കൊലപാതകവും, ഗൂഢാലോചനയും സംബന്ധിച്ച് വെവ്വേറെ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. കൊലപാതകം സംബന്ധിച്ചതാണ് ആദ്യം സമർപ്പിക്കുന്നത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രം അധികം വൈകാതെ സമർപ്പിക്കും.
പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തിൽ എത്തിയത്. ജൂലൈ രണ്ടിന് പുലർച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അക്രമം അഴിച്ചു വിടുകയും അതിൽ മൂന്ന് എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് കുത്തേൽക്കുകയും ചെയ്തു. കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അർജുൻ എന്ന വിദ്യാർത്ഥിക്ക് വയറിൽ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാർത്ഥിക്കും പരുക്കേറ്റിരുന്നു. മറ്റ് വിദ്യാർത്ഥികളെ ആയുധങ്ങളുപയോഗിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ചുവരെഴുതാനായി തയ്യാറാക്കി വച്ചിരുന്ന സ്ഥലത്ത് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം എഴുതിയതാണ് തർക്കത്തിന് വഴിവച്ചത്. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇവർ നേരത്തെ നടത്തിയ ഗൂഢാലോചന പ്രകാരമാണ് ഇവിടേക്ക് സംഘടിച്ചെത്തിയതെന്നാണ് പൊലീസ് കേസ്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പാണാവള്ളി നമ്പിപുത്തലത്ത് വീട്ടില്‍ മുഹമ്മദ് ഷഹീം (31), പാലിയത്ത് വീട്ടില്‍ പി.എം.ഫായിസ് (20), കച്ചേരിപ്പടി ഭാഗത്ത് വെളിപ്പറമ്പ് വീട്ടില്‍ വി.എന്‍.ഷിഫാസ് (23), മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സഹല്‍ (21), പള്ളുരുത്തിയില്‍ പുതുവീട്ടില്‍ പറമ്പില്‍ ജിസാല്‍ റസാഖ് (21), കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തന്സീല് (25), മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സനിദ് (26) എന്നിവരാണ് ഇനി പിടിയിലാകാനുളളത്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.