കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. 16 പ്രതികൾക്കെതിരായാണ് കുറ്റപത്രം. നാളെ എറണാകുളം സിജെഎം കോടതിയിലാവും കുറ്റപത്രം സമർപ്പിക്കുകയെന്ന് എസിപി എസ്.സുരേഷ് കുമാർ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമർപ്പിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ഏഴ് പേരെയാണ് ഇനി പിടികൂടാനുളളത്. മുഹമ്മദ് ഷമീം എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എസ്‌ഡിപിഐ പ്രവർത്തകനായ ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. സംഭവം നടന്ന് 90 ദിവസം പൂർത്തിയാകാറായ സാഹചര്യത്തിൽ പ്രതികൾ ജാമ്യം നേടാനുളള സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നത്.

“കുറ്റപത്രം തയ്യാറായി കഴിഞ്ഞു. അതേസമയം പ്രതികളുടെ ഫോൺരേഖകൾ സൂക്ഷിച്ചുവയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നു. 16 പ്രതികളും തങ്ങളുടെ ഫോണിൽ നിന്ന് മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ നടത്തിയ ഫോൺ കോളുകളുടെ രേഖകളാണ് പ്രധാന തെളിവുകളിലൊന്ന്. ഇതിന്റെ പകർപ്പെടുക്കേണ്ടതുണ്ട്. 16 പ്രതികളുടെ രണ്ട് മാസത്തിലേറെയുളള ഫോൺകോളുകളുടെ പകർപ്പെടുക്കുകയാണ്. അന്തിമ പരിശോധനകൾക്ക് ശേഷം നാളെ രാവിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും,” എസിപി സുരേഷ് കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

പള്ളുരുത്തി സ്വദേശിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയ മുഹമ്മദ് ഷഹീം. കേസിൽ കൊലപാതകവും, ഗൂഢാലോചനയും സംബന്ധിച്ച് വെവ്വേറെ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. കൊലപാതകം സംബന്ധിച്ചതാണ് ആദ്യം സമർപ്പിക്കുന്നത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രം അധികം വൈകാതെ സമർപ്പിക്കും.

പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിന്റെ കൊലപാതകത്തിൽ എത്തിയത്. ജൂലൈ രണ്ടിന് രാത്രി 12.30 യോടെയാണ് സംഭവം നടന്നത്. മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ചുവരെഴുതാനായി തയ്യാറാക്കി വച്ചിരുന്ന സ്ഥലത്ത് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം എഴുതിയതാണ് തർക്കത്തിന് വഴിവച്ചത്. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ക്യാംപസ് ഫ്രണ്ട്, എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇവർ നേരത്തെ നടത്തിയ ഗൂഢാലോചന പ്രകാരമാണ് ഇവിടേക്ക് സംഘടിച്ചെത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പാണാവള്ളി നമ്പിപുത്തലത്ത് വീട്ടില്‍ മുഹമ്മദ് ഷഹീം (31), പാലിയത്ത് വീട്ടില്‍ പി.എം.ഫായിസ് (20), കച്ചേരിപ്പടി ഭാഗത്ത് വെളിപ്പറമ്പ് വീട്ടില്‍ വി.എന്‍.ഷിഫാസ് (23), മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സഹല്‍ (21), പള്ളുരുത്തിയില്‍ പുതുവീട്ടില്‍ പറമ്പില്‍ ജിസാല്‍ റസാഖ് (21), കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തന്‍സീല്‍ (25), മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സനിദ് (26) എന്നിവരാണ് ഇനി പിടിയിലാകാനുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ