കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു രക്തസാക്ഷി മണ്ഡപത്തിന് സർക്കാരിന്റെയോ കോളേജ് പ്രിൻസിപ്പലിന്റെയോ അനുമതി ഉണ്ടോ എന്ന് ഹൈക്കോടതി. സർക്കാർ ഭൂമിയിൽ നിർമാണത്തിന് അനുമതി നിർബന്ധമാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. അനുമതിയുടെ കാര്യത്തിൽ സർക്കാരും പ്രിൻസിപ്പലും 10 ദിവസത്തിനകം രേഖാമൂലം നിലപാടറിയിക്കണം. സർക്കാർ മൂന്നാഴ്ച സമയം തേടിയെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുവദിച്ചില്ല.
സ്തൂപം നിർമാണം പ്രിൻസിപ്പൽ തടഞ്ഞിരുന്നില്ലെന്നും നിർമാണവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നത്തിന് സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ പൊലീസിനു കത്ത് നൽകിയിരുന്നുവെന്നും സർക്കാർ അറിയിച്ചു. ക്യാംപസിൽ കൊല്ലപ്പെട്ട വിദ്യാർഥിയുടെ സ്മാരകത്തോട് രാഷ്ടീയ ഭേദമന്യേ വിദ്യാർഥികൾക്കിടയിൽ അനുഭാവമുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം, സർക്കാർ ഭൂമിയിൽ അനുമതിയില്ലാതെ നിർമാണം നടക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും അനുവദിച്ചാൽ ഭാവിയിലും ഇത്തരം പ്രശ്നം ഉയർന്നു വരാമെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Also: അഭിമന്യു ഓര്‍മയായിട്ട് ഒരു വര്‍ഷം; പ്രധാന പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പൊലീസ്
അഭിമന്യു സ്തൂപം നീക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു പ്രവർത്തകൻ അജ്മലും മറ്റും സമർപ്പിച്ച പൊതു
താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കോളേജ് ക്യാംപസിൽ പുറത്തു നിന്നുള്ളവർ അതിക്രമിച്ചു കയറി അനുമതിയില്ലാതെ രക്ത സാക്ഷി മണ്ഡപം നിർമിച്ച് അരിവാളും നക്ഷത്രവുമുള്ള സ്തൂപം സ്ഥാപിച്ചിരിക്കുകയാണെന്നും ഇനി ചുറ്റിക കൂടി സ്ഥാപിക്കാനിരിക്കുകയാണെന്നുമായിരുന്നു ഹർജിക്കാരുടെ ആരോപണം.
പാർട്ടി സെക്രട്ടറി അനാച്ഛാദനം ചെയ്യാനിരുന്ന ചടങ്ങ് വിവാദമായതിനെ തുടർന്ന് രാജേന്ദ്ര മൈതാനത്തേക്ക് മാറ്റുകയായിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കോളേജിൽ സമാധാനാന്തരീക്ഷം തകർന്നിരിക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ ക്യാംപസിൽ കൊല്ലപ്പെട്ട വിദ്യാർഥിയുടെ സ്മരണാർത്ഥമല്ലേ സ്മാരകമെന്നും, ആരോപിക്കും വിധം മറ്റെന്തെങ്കിലും സന്ദേശം ഇതിൽ കാണേണ്ടതുണ്ടോ എന്നും കോടതി വാദത്തിനിടെ പരാമർശിച്ചു.