കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നു. ഒളിവിൽ പോയ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിക്കാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

പ്രതികൾ വിദേശത്തേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഒന്നിൽ കൂടുതൽ പേർ വിദേശത്തേക്ക് കടന്നിരിക്കാമെന്ന് സംശയിക്കപ്പെടുന്നു. സംഘർഷത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരാണ് പിടിയിലാകാനുളളത്. വിദേശത്തേക്ക് കടന്ന പ്രതികളെ പിടികൂടാൻ പൊലീസ്, ഇന്റർപോളിന്റെയടക്കം സഹായം തേടും. അതേസമയം പൊലീസിൽ നിന്ന് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനും ആലോചിക്കുന്നുണ്ട്.

പിടിയിലാകാനുളള 12 പേരിൽ രണ്ട് പേർ നേരത്തെ തൊടുപുഴ ന്യൂമാൻ കോളേജ് ചോദ്യപേപ്പർ വിവാദത്തിൽ അദ്ധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഇവർ റോഡ് മാർഗ്ഗം ഹൈദരാബാദിലെത്തി അവിടെ നിന്നാണ് വിദേശത്തേക്ക് കടന്നതെന്ന് സംശയിക്കുന്നു.

പ്രതികൾ വ്യാജ പാസ്പോർട്ട് കൈവശം വച്ചിരുന്നതായ സംശയമാണ് ഉയരുന്നത്. തൊടുപുഴ കൈവെട്ട് കേസിലെ പ്രതികളുമായി അഭിമന്യു വധക്കേസിൽ പൊലീസ് തിരയുന്ന മുഖ്യപ്രതി ആലപ്പുഴ വടുതല നദുവത്ത് നഗർ ജാവേദ് മൻസിലിൽ മുഹമ്മദിന്റെ കുടുംബത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്നു കണ്ടെത്തി.

മഹാരാജാസ് കോളജിലെ മൂന്നാം വർഷ അറബിക് വിദ്യാർഥിയായ മുഹമ്മദിനായി പൊലീസ് പലയിടത്തും തിരച്ചിൽ നടത്തുന്നുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സമൂഹമാധ്യമ അക്കൗണ്ടുകളും പ്രവർത്തനരഹിതമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ