തൊടുപുഴ: അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഏറെ സ്‌നേഹിച്ച നാടിന് അക്ഷര വെളിച്ചം കൊളുത്തി നല്‍കാനാഗ്രഹിച്ച അഭിമന്യുവിന് അക്ഷരങ്ങള്‍കൊണ്ടുതന്നെ സ്മരണാജ്ഞലി ഒരുങ്ങുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ കാമ്പസ് ഫ്രണ്ട്- എസ് ഡി പി ഐ പ്രവര്‍ത്തകരുടെ ആക്രണമണത്തില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ നാടായ വട്ടവടയിലാണ് അഭിമന്യുവിന്റെ പേരില്‍ ലൈബ്രറി ഒരുങ്ങുന്നത്.

തമിഴും മലയാളവും ഉള്‍പ്പടെയുള്ള പുസ്തകങ്ങളുടെ വന്‍ശേഖരവുമായാണ് അഭിമന്യുവിന്റെ പേരില്‍ വട്ടവട പഞ്ചായത്തില്‍ ലൈബ്രറി ഒരുങ്ങുന്നത്. ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ലൈബ്രറിയിലേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഇപ്പോള്‍തന്നെ വട്ടവടയിലെത്തിയിട്ടുണ്ട്.

books for abhimaniyu library

വട്ടവടയിൽ​ ആരംഭിക്കുന്ന അഭിമന്യു ലൈബ്രറിക്കായി ലഭിച്ച പുസ്തകങ്ങളിലെ ഒരു ഭാഗം

വട്ടവട പഞ്ചായത്തില്‍ എ ക്ലാസ് ലൈബ്രറിയായി തുടങ്ങുന്ന അഭിമന്യുവിന്റെ പേരിലുള്ള ലൈബ്രറിയിലേക്കു പുസ്തകങ്ങള്‍ സമാഹരിക്കുന്നത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹകരണത്തോടയാണ്. ഇതിനായി വിവിധ ജില്ലാതലങ്ങളില്‍ കണ്‍വീനര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വട്ടവട പഞ്ചായത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ലൈബ്രറിയില്‍ വന്‍തോതില്‍ തമിഴ് പുസ്തകങ്ങളുമെത്തിക്കും. തമിഴ് വംശജര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമെന്ന നിലയിലാണ് തമിഴ് വായനക്കാരക്കൂടി ലക്ഷ്യമിട്ട് തമിഴ് പുസ്തകങ്ങളും എത്തിക്കുന്നത്. തമിഴ് പുസ്തകങ്ങള്‍ എത്തിക്കാനായി എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും പുസ്തകങ്ങള്‍ സമാഹരിക്കുന്നുണ്ട്.

ലൈബ്രറിക്കൊപ്പം നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പിഎസ് സി കോച്ചിംഗ് നല്‍കാനായി കോച്ചിംഗ് സെന്ററും പ്രവര്‍ത്തനമാരംഭിക്കും. വട്ടവടയിലുള്ള പുതുതലമുറയില്‍പ്പെട്ടവര്‍ക്കു സര്‍ക്കാര്‍ ജോലിയും പുസ്തകവായനയ്ക്കുള്ള സൗകര്യവും ഒരുക്കണമെന്ന അഭിമന്യുവിന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിട്ടാണ് വട്ടവടയില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കോച്ചിംഗ് സെന്ററും ലൈബ്രറിയും സ്ഥാപിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.