പെര്‍ത്ത്: പായ്‌ വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശം ലഭിച്ചു. സുരക്ഷിതനാണെന്നും ജിപിഎസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തന ക്ഷമമാണെന്നും അഭിലാഷിൽനിന്നും സന്ദേശം ലഭിച്ചതായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രി പത്തരയോടെ അഭിലാഷിന്റെ ആദ്യ സന്ദേശം ലഭിച്ചിരുന്നു. പരുക്ക് പറ്റിയിട്ടുണ്ടെന്നും ബങ്കിന് പുറത്തേക്ക് എത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അഭിലാഷിന്റെ സന്ദേശമന്നെ് ഗോള്‍ഡന്‍ ഗ്ലോബിന്റെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അഭിലാഷിന്റെ സന്ദേശത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണന്നും അറിയിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. തന്റെ പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും ഇന്നലെ അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ്‌ വഞ്ചി അപകടത്തില്‍ പെട്ടത്.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്.

അഭിലാഷ് ടോമിയുടെ പായ് വഞ്ചി ‘തുരിയ’, ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക് കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.