ആംസ്റ്റര്‍ഡാം: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് അഭിലാഷ് സംസാരിക്കുകയും ചെയ്തു. അഭിലാഷ് ടോമിയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് പുറത്തുവിട്ടത്.

‘കടല്‍ അന്ന് അവിശ്വസനീയമാംവിധം അശാന്തമായിരുന്നു. ഞാനും ബോട്ടായ തുരിയയും പ്രകൃതിയുടെ കരുത്ത് ശരിക്കും അറിയുകയായിരുന്നു. ഈ വിഷമഘട്ടത്തില്‍ തുഴച്ചിലിലുള്ള എന്റെ കഴിവാണ് രക്ഷിച്ചത്’ അഭിലാഷ് പറഞ്ഞു. തന്റെ ഉള്ളിലെ പട്ടാളക്കാരനും നാവിക പരിശീലനവുമാണ് ഈ പ്രതിസന്ധിയോട് പൊരുതാന്‍ സഹായിച്ചതെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു. തന്നെ രക്ഷിച്ച ഇന്ത്യന്‍ നാവിക സേനയ്ക്ക് നന്ദി പറയാനും അഭിലാഷ് മറന്നില്ല.

ഇന്ത്യന്‍ നാവികസേന കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പരുക്ക് ഗുരുതരമല്ലെന്ന് നാവിക സേന ഇന്നലെ തന്നെ അറിയിച്ചിരുന്നു. നടുവിനേറ്റ പരുക്കില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കിയിരുന്നു. അഭിലാഷ് ടോമി സംസാരിച്ചുവെന്നും ആഹാരം കഴിച്ചുവെന്നും ക്യാപ്റ്റന്‍ ഡികെ ശര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. നിലവില്‍ ആംസ്റ്റര്‍ഡാമിലെ ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിലാഷിനെ വിദഗ്ധ ചികിത്സയ്ക്കായി മൗറീഷ്യസിലേക്ക് മാറ്റിയേക്കും.

കഴിഞ്ഞദിവസം ഓസിരിസ് കപ്പലിനെ ബന്ധിപ്പിച്ച യാനങ്ങളിലാണ് അഭിലാഷ് ടോമിയ രക്ഷിച്ചത്. ഫ്രഞ്ചുകാരനായ ഡോക്ടറാണ് അഭിലാഷിനെ ചികിത്സിക്കുന്നത്. അഭിലാഷിനൊപ്പം അപകടത്തില്‍പ്പെട്ട ഐറിഷ് നാവികന്‍ ഗ്രിഗര്‍ മക്ഗുക്കും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ഓസ്‌ട്രേലിയന്‍ നാവികസേനാ കപ്പലും ശനിയാഴ്ച ഇന്ത്യന്‍ നാവികസേനയുടെ കപ്പലും ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചേരും. വിദഗ്ധ ചികില്‍സയ്ക്കായി അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റുന്ന കാര്യത്തില്‍ അതിനുശേഷം മാത്രമേ തീരുമാനമെടുക്കൂ.

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെയാണ് മലയാളിയായ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. പായ് വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷിന് ടോമിയുടെ നടുവിനാണ് പരുക്കേറ്റത്. അദ്ദേഹത്തിന് അനങ്ങാന്‍ സാധിക്കാത്ത നിലയിലായിരുന്നു. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷിന് അടുത്തെത്തി രക്ഷപ്പെടുത്തിയത്. ബോട്ടില്‍വച്ച് അദ്ദേഹത്തിന് പ്രാഥമിക ചികില്‍സ നല്‍കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ