“ആഴക്കടൽ ആ സമയത്ത് നരകത്തിന് തുല്യമായിരുന്നു,” ഗോൾഡൻ ഗ്ലോബ് റേസിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് അഭിലാഷ് ടോമി ആദ്യ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങിനെ. കാറ്റ് അതിശക്തമായി വീശിയടിച്ചു. മരണം മുന്നിലുണ്ടായിരുന്ന ആ നിമിഷത്തിൽ തിരകൾ 14 മീറ്റർ വരെ ഉയരത്തിലാണ് പൊങ്ങിയത്.

“ആ സമയത്ത് പായ്‌വഞ്ചി 110 ഡിഗ്രിയോളം ചരിഞ്ഞു. പായ്‌മരത്തിലേക്ക് നീക്കപ്പെട്ടു. അതിൽ ചുറ്റിപ്പിടിച്ച് ഞാൻ നിന്നു. എന്നാൽ അടുത്ത നിമിഷം വഞ്ചി നേരെ നിന്നപ്പോൾ കുത്തനെയുളള പായ്‌മരത്തിന്റെ തുഞ്ചത്തായിരുന്നു ഞാൻ ഉണ്ടായിരുന്നത്.” അഭിലാഷ് ടോമി അഭിമുഖത്തിൽ പറഞ്ഞു.

ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് അപകടത്തിൽ പെട്ട അഭിലാഷ് ടോമി ഇപ്പോൾ ഐഎൻഎസ് സത്പുരയിലാണ്. തിരികെ കൊച്ചിയിലേക്കുളള യാത്രയിലാണിപ്പോൾ അദ്ദേഹം. ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിനിടയിലും തുടർച്ചയായി അഭിലാഷ് എക്കിളിടുന്നുണ്ടായിരുന്നു.

പായ്മരത്തിന്റെ തുഞ്ചത്ത് നിന്ന് പിടിവിട്ട് താഴേക്ക് വീണ അഭിലാഷിന്റെ വാച്ച് വയർ റോപ്പിൽ കുടുങ്ങി. ഒറ്റക്കൈയിൽ തൂങ്ങിനിൽക്കുകയായിരുന്നു അദ്ദേഹം അപ്പോൾ.  കണങ്കൈ ഒടിയുമെന്നാണ് കരുതിയത്. എന്നാൽ വാച്ച് പൊട്ടി അഭിലാഷ് താഴേക്ക് വീഴുകയായിരുന്നു.

കാറ്റ് നൂറ് കിലോമീറ്റർ വേഗത്തിൽ വീശുമെന്നും 10 മീറ്റർ ഉയരത്തിൽ തിരയടിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ 150 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. തിരകൾക്ക് 14 മീറ്റർ വരെ ഉയരം ഉണ്ടായിരുന്നു.

വെളളം കാണാനില്ലായിരുന്നു. ശക്തമായ തിരയിൽ നുര പതഞ്ഞ് പൊങ്ങിയത് മാത്രമാണ് ഉണ്ടായിരുന്നത്.  പായ്‌വഞ്ചിയെ മുന്നോട്ട് നയിക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ അത് സാധിച്ചില്ല. പഠിച്ചതെല്ലാം  പ്രാവർത്തികമാക്കാൻ നോക്കി. എന്നാൽ അത്രയും ശക്തമായ കാറ്റിൽ ഒരൊറ്റ ശ്രമവും വിജയിച്ചില്ലെന്ന് അഭിലാഷ് പറയുന്നു. കാറ്റും കപ്പലും ഈ സമയത്ത് 90 ഡിഗ്രിയിലായിരുന്നു.

തൊട്ടുമുന്നിലെ ദിവസം തന്നെ അതിശക്തമായ കാറ്റ് വീശിയടിക്കാൻ പോവുകയാണെന്ന് വ്യക്തമായിരുന്നുവെന്ന് അഭിലാഷ് ടോമി പറഞ്ഞു. “ബാരോമീറ്ററിൽ 1020 മില്ലിബാർ ആയിരുന്നത് 50 പോയിന്റ് ഇടിഞ്ഞ് 970 ആയി. നടുക്കടലിൽ ഒരു ചുഴലിക്കാറ്റ് രൂപംകൊളളുന്നതായി ഞാൻ മനസിലാക്കി.

കാറ്റിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന ജനറേറ്റർ ഇതിനോടകം തകർന്നിരുന്നു. അതിന്റെ ബ്ലേഡുകൾ കാറ്റിൽ പറന്നുപോയി. ഗ്യാസ് സ്റ്റൗ പറന്നുയർന്നുപോയി. വഞ്ചിക്കകത്ത് പാചകവാതകം ചോരാൻ തുടങ്ങി. ഗ്യാസ് ഞാൻ അടച്ചു. എന്നാൽ തൊട്ടുപിന്നാലെ ഡീസൽ ചോരാൻ തുടങ്ങി. ആ പ്രശ്നം പരിഹരിക്കാൻ അഭിലാഷിന് സാധിച്ചില്ല.

പായ്ക്കപ്പലിനകത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾ കാറ്റിൽ പറന്നുപോയത് തിരികെ വയ്ക്കാനാണ് അഭിലാഷ് ശ്രമിച്ചത്. ഇതിനിടയിലാണ് അനങ്ങാൻ സാധിക്കാത്ത വിധം നടുവിന് പരിക്കേറ്റത്.

മുന്നോട്ട് ചലിക്കാൻ പരമാവധി ശ്രമിച്ചു. നടന്നില്ല. ഈ സമയത്താണ് കാറ്റ് വീണ്ടും ശക്തിയായി വീശിയത്. അപകടത്തിന്റെ ഏറ്റവും തീവ്രതയേറിയ ഘട്ടവും ഇതായിരുന്നു. 360 ഡിഗ്രിയിൽ പായ്‌വഞ്ചി കറങ്ങിത്തിരിഞ്ഞു. പായ്‌മരം ഒടിഞ്ഞു. രക്ഷപ്പെടാനുളള അവസാന ശ്രമമെന്ന നിലയിൽ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ഭാഗത്തേക്ക് ഇഴഞ്ഞ് പോവുകയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു.

ആ 70 മണിക്കൂർ ഒന്നിനെ കുറിച്ചും ചിന്തിച്ചില്ലെന്ന് അഭിലാഷ് പറയുന്നു. ആലോചന പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ ആലോചിക്കാതിരിക്കാൻ സ്വയം പഠിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 24 നാണ് ഫ്രഞ്ച് പട്രോളിങ് കപ്പൽ ഓസിരിസ് അഭിലാഷിന്റെ രക്ഷാപ്രവർത്തനത്തിനായി എത്തുന്നത്. ഇവർ ബോട്ടിനകത്തേക്ക് പ്രവേശിക്കാൻ പലതവണ അനുമതി തേടിയെന്നും ആദ്യമൊന്നും താൻ ഒന്നും കേട്ടില്ലെന്നും അഭിലാഷ് അഭിമുഖത്തിൽ പറയുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ