ന്യൂഡൽഹി: അടുത്ത 16 മണിക്കൂറിനകം അഭിലാഷ് ടോമിയെ രക്ഷിക്കുമെന്ന് ദക്ഷിണേന്ത്യൻ നാവിക സേന വക്താവ് ശ്രീധർ വാര്യർ അറിയിച്ചു. ഫ്രാൻസിന്റെ കപ്പൽ ഓസിരിസ് ആയിരിക്കും തകർന്ന പായ്കപ്പലിൽ നിന്നും അഭിലാഷ് ടോമിയെ രക്ഷിക്കുക.
ഇതിന് ശേഷം ഓസ്ട്രേലിയയിലെ പെർത്ത് തുറമുഖത്ത് നിന്നും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ട എച്ച്എംഎഎസ് ബല്ലാറത്തിലേക്ക് അദ്ദേഹത്തെ മാ്റും. ഇന്ത്യയിൽ നിന്നും പോയ കപ്പലുകളിൽ ഐഎൻഎസ് സത്പുര വെളളിയാഴ്ച മാത്രമേ ഇവിടെ എത്തുകയുളളൂവെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യൻ നാവികസേനയുടെ പി-8ഐ വിമാനം നടത്തിയ തിരച്ചിലിലാണ് പായ് വഞ്ചി കണ്ടെത്തിയത്. ഇതാണ് രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമായത്. ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന റിജണൽ മാരിടൈം റെസ്ക്യു കോർഡിനേഷൻ(എംആർസിസി) ൽ നിന്നാണ് ഈ വിവരം ലഭിച്ചത്.
പായ്കപ്പൽ രാവിലെ കണ്ടെത്തിയെങ്കിലും ഭക്ഷണവും മരുന്നും നൽകാനായില്ല. അഭിലാഷ് ടോമി ജീവനോടെ തന്നെ ഇരിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് നടുവേദന കാരണം അനങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്.

വിമാനത്തിൽ നിന്ന് അയച്ച റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചു. ഇതോടെ അഭിലാഷ് സുരക്ഷിതനാണെന്ന് വ്യക്തമായി. പായ് വഞ്ചിയിലെ മൂന്ന് പായകളും തകർന്നതായാണ് ചിത്രങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. അനങ്ങാനാവാത്ത നിലയിൽ തന്നെയാണ് അഭിലാഷ് ഇപ്പോഴും ഉളളത്.

കാറ്റിപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലാണ് വീശുന്നത്. ഇതുമൂലം പത്തടിയോളം ഉയരത്തിലാണ് തിരയടിക്കുന്നത്. ഇവിടെ വിമാനം എത്തിയ സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. രക്ഷാസംഘത്തിന് ഇതുവരെ അഭിലാഷിന്റെ വഞ്ചിക്ക് അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. അഭിലാഷിന്റെ ലൊക്കേഷൻ കണ്ടെത്തിയ വിമാനം പിന്നീട് മൗറീഷ്യസിൽ തിരിച്ചിറക്കി.
അഭിലാഷിനുളള ഭക്ഷണവും മരുന്നുകളും പായ് വഞ്ചിയിൽ എത്തിക്കാനുളള ശ്രമത്തിലാണ് ഇപ്പോൾ ദൗത്യസംഘം. എന്നാൽ ശക്തമായ കാറ്റും മഴയും പ്രതികൂലമാണ്.
അതിനിടെ പി-8ഐ വിമാനത്തിൽ നിന്ന് എടുത്ത ചിത്രങ്ങൾ നാവികസേന പുറത്തുവിട്ടു. ഐഎൻഎസ് സത്പുര, ഐഎൻഎസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകൾ പരമാവധി വേഗത്തിലാണ് അപകടസ്ഥലത്തേക്ക് യാത്ര തിരിച്ചതെന്ന് നാവികസേന വക്താവ് കമാൻഡർ ശ്രീധർ വാര്യർ പറഞ്ഞു. ഫ്രാൻസിന്റെ മൽസ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസും അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുണ്ട്. ഇവരാകും ആദ്യം ഇവിടേക്ക് എത്തുകയെന്നാണ് കരുതുന്നത്.
ഫ്രാൻസിലെ ‘ലെ സാബ്ലെ ദെലോൻ’ എന്ന തുറമുഖത്തു നിന്ന് ജൂലൈ ഒന്നിനാണ് ഗോൾഡൻ ഗ്ലോബ് മത്സരത്തിനായുളള യാത്ര ആരംഭിച്ചത്. മൽസരത്തിന്റെ 83-ാം ദിവസം, ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചാണ് അഭിലാഷ് സഞ്ചരിച്ച പായ് വഞ്ചി തുരിയ തകർന്നത്. ഇതിനോടകം 19446 കിലോമീറ്റർ അഭിലാഷ് പായ് വഞ്ചിയിൽ പിന്നിട്ടിരുന്നു. അപകടത്തിൽ പെടുന്ന ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.
ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യൻ തീരമായ കന്യാകുമാരിയിൽനിന്ന് 5020 കിലോമീറ്റർ അകലെയാണിത്.