തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ കണ്ടെത്തലുകൾ കോടതി ശരിവയ്‌ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്.

സിസ്റ്റർ അ‍ഭയയെ കോടാലി കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയശേഷം കിണറ്റിൽ ത‍ള്ളിയതാണെന്നാണ് സിബിഐ കണ്ടെത്തൽ. വിചാരണ വേളയിൽ തന്നെ അഭയയുടെ മരണം കൊലപാതകമാണെന്നു വ്യക്തമായെന്നും അ‍ഭയയെ തലയ്ക്കടിച്ചു മാരകമായി പരു‍ക്കേൽപ്പിച്ച ശേഷമാണു കിണ‍റ്റിലിട്ടതെന്നും തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി കെ.സനിൽകുമാർ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ബന്ധം സിസ്റ്റർ അഭയ കാണാനിടയായി. പയസ് ടെൻത് കോൺവന്റിൽ വച്ചാണിത്. സിസ്റ്റർ അഭയയും സിസ്റ്റർ സെഫിയും ഈ കോൺവന്റിലെ അന്തേവാസികളാണ്. തോമസ് കോട്ടൂരും സെഫിയും തമ്മിലുള്ള ബന്ധം അഭയ കാണാനിടയായതാണ് കൊലപാതകത്തിൽ കലാശിച്ചത്. സിസ്റ്റർ സെഫിയുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ വേണ്ടി, കൊലപ്പെടുത്തണമെന്ന ഉ‍ദ്ദേശ്യത്തോടെയാണ് ഫാ.കോട്ടൂർ കോടാലി ഉപയോഗിച്ചു മൂന്ന് തവണ അഭയയുടെ തലയ്‌ക്കടിച്ചത്. തലയുടെ മ‍ധ്യത്തിലും വശത്തുമാണ് അടിയേറ്റത്.

Read Also: മോഷണത്തിനു കയറി, അഭയ കേസിൽ പ്രധാന സാക്ഷിയായി; വിധിയിൽ ഹാപ്പിയെന്ന് രാജു, വെെകാരികമായി പ്രതികരിച്ച് മറ്റുള്ളവരും

കോടാലികൊണ്ട് തലയ്‌ക്ക് അടിച്ച ശേഷം അ‍ഭയയെ കിണ‍റ്റിലിട്ടു. ഈ വ‍ീഴ്‌ചയിലാണ് അഭയയുടെ ശരീരത്തിൽ മു‍റിവുണ്ടായത്. തലയിലെ മൂന്ന് മുറിവുകളും ആയുധം കൊണ്ടുള്ളതാണെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്‌ടർ മൊഴി നൽകി. ആത്മഹത്യയെന്നു വരുത്തി തീർക്കാനാണു പ്രതികൾ ശ്രമിച്ചത്. സാഹചര്യത്തെളിവുകൾ പ്രതികൾക്ക് എതിരായിരുന്നു. ഇതെല്ലാമാണ് സിബിഐയുടെ പ്രധാന കണ്ടെത്തലുകൾ. ഈ കണ്ടെത്തലുകൾ ശരിവച്ചാണ് സിബിഐ കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്.

അടുക്കളയിലും തൊട്ടടുത്തുള്ള കൈ കഴുകുന്ന സ്ഥലത്തുമാണു കൊല നടന്നത്. താഴത്തെ നിലയിലെ മുറിയിൽ ഒറ്റയ്ക്കാണ് സിസ്റ്റർ സെഫി താമസിക്കുന്നത്. ഇതിനു സമീപത്തുള്ള കിണറ്റിൽ നിന്നാണ് അഭയയുടെ മൃതദേഹം കണ്ടെത്തിയത്.

അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെൻസ് കോൺവന്റിന് മുമ്പിൽ ഫാദർ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടർ കണ്ടെന്ന മൊഴി സിബിഐ കോടതി വിശ്വാസത്തിലെടുത്തു. ഇതിനെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ വിചാരണ വേളയിൽ തോമസ് കോട്ടൂരിന് കഴിഞ്ഞില്ല. 1992 മാർച്ച് 27 ന് പുലർച്ചെ 4.15 നും അഞ്ചിനുമിടയിലാണ് അഭയ കൊല്ലപ്പെട്ടത്. 4.30 നാണ് അഭയയുടെ തലയ്ക്കടിച്ചത്.

തോമസ് കോട്ടൂർ, കൊല നടന്ന പയസ് ട‍െൻത് കോൺവന്റിലെ നിത്യസന്ദർശകനാണെന്നു സാക്ഷി മൊഴികളിൽ വ്യക്തമായി. ഫാ. കോട്ടൂരും സിസ്റ്റർ സെ‍ഫിയും സ്വഭാവദൂഷ്യമുള്ളവരാണെന്നു പ്രഫ. ത്രേസ്യാമ്മ നൽകിയ മൊഴിയിൽ വ്യക്തമാണ്. ഇതും സിബിഐ കോടതിയുടെ വിധിയിലേക്ക് നയിച്ചു.

കൊലയുമായി ബന്ധപ്പെട്ട് ഫാ.കോട്ടൂർ സാക്ഷി കളർകോട് വേണുഗോപാലി‍നോടു നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്. മുഖ്യസാക്ഷിയായ അടയ്‍ക്കാ രാജുവിന്റെ മൊഴി സാഹചര്യങ്ങളുമായി ഒത്തു പോകുന്നതാണ്. കോൺവന്റിൽ മോഷണത്തിനായി കയറിയപ്പോൾ തോമസ് കോ‍ട്ടൂരിനെ അവിടെ കണ്ടു എന്നാണ് രാജുവിന്റെ മൊഴി. ഇത് കോടതി വിശ്വാസത്തിലെടുത്തു.

Read Also: ശിക്ഷാവിധിയുടെ നേരത്ത് ജഡ്‌ജിക്കരികിലേക്ക്, നിരപരാധിയെന്ന് ആവർത്തിച്ച് കോട്ടൂർ; ഇളവ് വേണമെന്ന് സെഫി

അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. രണ്ട് പേർക്കും ജീവപര്യന്തം. എല്ലാ കുറ്റകൃത്യങ്ങൾക്കുമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ജീവപര്യന്തത്തിനു പുറമേ ഇരുവർക്കും അഞ്ച് ലക്ഷം രൂപ പിഴ. മഠത്തിലേക്ക് അതിക്രമിച്ച് കയറിയ കുറ്റത്തിനു തോമസ് കോട്ടൂർ ഒരു ലക്ഷം രൂപ കൂടി പിഴയടയ്‌ക്കണം. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് സിബിഐ വിചാരണ കോടതി വിധി പുറപ്പെടുവിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൊലപാതക കേസിലും അതിക്രമിച്ചു കയറിയതിലുമാണ് തോമസ് കോട്ടൂരിന് ജീവപര്യന്തം.

തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.

ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷാവിധി പുറപ്പെടുവിക്കുമ്പോൾ രണ്ട് പ്രതികളും കോടതിയിലുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.