തിരുവനന്തപുരം: അഭയ കൊലക്കേസ് ശിക്ഷാവിധിയുടെ നേരത്തും കോടതിയിൽ നാടകീയ രംഗങ്ങൾ. തങ്ങൾക്ക് ശിക്ഷയിൽ ഇളവ് വേണമെന്ന് കേസിലെ ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ആവശ്യപ്പെട്ടു.
കേരള ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് സിബിഐ വിചാരണ കോടതി നിരീക്ഷിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തി.
അർബുദ രോഗിയാണെന്നും പ്രായമുള്ള വ്യക്തിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും തോമസ് എം.കോട്ടൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ ജഡ്ജിയോട് പറഞ്ഞു. വാർധക്യത്തിലുള്ള മാതാവിനെയും പിതാവിനെയും നോക്കുന്നത് താനാണെന്നും അവർക്ക് മറ്റാരുമില്ലെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും സിസ്റ്റർ സെഫിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.
Read Also: കവയിത്രി സുഗതകുമാരി വിടവാങ്ങി; അന്ത്യം കോവിഡ് ബാധയെത്തുടര്ന്ന്
ജഡ്ജിക്ക് അരികിലേക്ക് പോയി താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ പറഞ്ഞു. ഭാവമാറ്റങ്ങളൊന്നും ഇല്ലാതെയാണ് തോമസ് കോട്ടൂർ ശിക്ഷാവിധി കേട്ടത്. ശിക്ഷാവിധി കേൾക്കാൻ കോടതിയിലെത്തിയ നിമിഷം മുതൽ കണ്ണടച്ചിരിക്കുകയായിരുന്നു സിസ്റ്റർ സെഫി.
ഇന്നലെ കേസിൽ വിധി അറിഞ്ഞ ശേഷവും കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. വിധി കേൾക്കുന്ന നേരത്ത് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ പൊട്ടിക്കരഞ്ഞു. ഇരുവർക്കും ഒപ്പമുണ്ടായിരുന്നവരും കോടതി വിധി കേട്ട് കരഞ്ഞു.
കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താൻ നിഷ്കളങ്കനാണെന്നും തോമസ് കോട്ടൂർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “ദൈവം എന്റെ കൂടെയുണ്ട്. ഞാൻ ദൈവത്തിൽ ശരണപ്പെടുന്നു. കുറ്റം ചെയ്തിട്ടില്ല. ഞാൻ നിരപരാധിയാണ്. ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയനുസരിച്ച് ഞാൻ പ്രവർത്തിക്കും,” തോമസ് കോട്ടൂർ പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് തോമസ് കോട്ടൂർ മറുപടി നൽകിയത്. താൻ ദൈവത്തിൽ ശരണപ്പെടുന്നു എന്ന് പലതവണ തോമസ് കോട്ടൂർ ആവർത്തിച്ചു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ സിസ്റ്റർ സെഫി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചില്ല. കോടതി വിധിക്ക് ശേഷം വാഹനത്തിൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ സിസ്റ്റർ സെഫി കഴുത്തിലെ മാലയിലുള്ള കുരിശ് ഉയർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ വിധിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴും കുരിശ് ഉയർത്തിപ്പിടിക്കുക മാത്രമാണ് സെഫി ചെയ്തത്. ഒരക്ഷരം പോലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി നൽകിയില്ല. കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഇതുതന്നെയായിരുന്നു സെഫിയുടെ പ്രതികരണം.
രണ്ട് പ്രതികൾക്കും ജീവപര്യന്തം
അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ശിക്ഷാവിധി. ജസ്റ്റിസ് കെ.സനൽകുമാറാണ് വിധി പുറപ്പെടുവിച്ചത്.
രണ്ട് പേർക്കും ജീവപര്യന്തം. എല്ലാ കുറ്റകൃത്യങ്ങൾക്കുമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ജീവപര്യന്തത്തിനു പുറമേ ഇരുവർക്കും അഞ്ച് ലക്ഷം രൂപ പിഴ. മഠത്തിലേക്ക് അതിക്രമിച്ച് കയറിയ കുറ്റത്തിനു തോമസ് കോട്ടൂർ ഒരു ലക്ഷം രൂപ കൂടി പിഴയടയ്ക്കണം. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് സിബിഐ വിചാരണ കോടതി വിധി പുറപ്പെടുവിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൊലപാതക കേസിലും അതിക്രമിച്ചു കയറിയതിലുമാണ് തോമസ് കോട്ടൂരിന് ജീവപര്യന്തം.
തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.
ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷാവിധി പുറപ്പെടുവിക്കുമ്പോൾ രണ്ട് പ്രതികളും കോടതിയിലുണ്ടായിരുന്നു.