കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസ് വിധിയിൽ പ്രതികരിച്ച് കോട്ടയം അതിരൂപത. പ്രതികളുടെ ശിക്ഷാവിധി പുറത്തുവന്നതിനു പിന്നാലെയാണ് കോട്ടയം അതിരൂപത ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയത്. ഇന്നലെ കോടതി വിധി വന്നതിനുശേഷം ആദ്യമായാണ് പ്രതികരണം. അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരായ ആരോപണങ്ങൾ അവിശ്വനീയമാണെന്ന് കോട്ടയം അതിരൂപത.
“കോടതി വിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു,” കോട്ടയം അതിരൂപത പിആർഒ അഡ്വ.അജി കോയിക്കൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. സിസ്റ്റർ അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവുമായിരുന്നു എന്നും പ്രസ്താവനയിലുണ്ട്.
അതേസമയം, അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ശിക്ഷാവിധി. ജസ്റ്റിസ് കെ.സനൽകുമാറാണ് വിധി പുറപ്പെടുവിച്ചത്.
Read Also: ശിക്ഷാവിധിയുടെ നേരത്ത് ജഡ്‌ജിക്കരികിലേക്ക്, നിരപരാധിയെന്ന് ആവർത്തിച്ച് കോട്ടൂർ; ഇളവ് വേണമെന്ന് സെഫി
രണ്ട് പേർക്കും ജീവപര്യന്തം. എല്ലാ കുറ്റകൃത്യങ്ങൾക്കുമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ജീവപര്യന്തത്തിനു പുറമേ ഇരുവർക്കും അഞ്ച് ലക്ഷം രൂപ പിഴ. മഠത്തിലേക്ക് അതിക്രമിച്ച് കയറിയ കുറ്റത്തിനു തോമസ് കോട്ടൂർ ഒരു ലക്ഷം രൂപ കൂടി പിഴയടയ്‌ക്കണം. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് സിബിഐ വിചാരണ കോടതി വിധി പുറപ്പെടുവിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൊലപാതക കേസിലും അതിക്രമിച്ചു കയറിയതിലുമാണ് തോമസ് കോട്ടൂരിന് ജീവപര്യന്തം.
തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.
ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷാവിധി പുറപ്പെടുവിക്കുമ്പോൾ രണ്ട് പ്രതികളും കോടതിയിലുണ്ടായിരുന്നു.