കോട്ടയം: ‘ഞാൻ ഭയങ്കര ഹാപ്പിയാ..,’ അഭയ കൊലക്കേസിൽ പ്രധാന സാക്ഷിയായ അടയ്ക്ക രാജുവിന്റെ വാക്കുകളാണിത്. കേസിലെ നിർണായക സാക്ഷിയാണ് അടയ്ക്ക രാജു. കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതിയാണ് വിധിച്ചത്. ഇരുവർക്കുമുള്ള ശിക്ഷ നാളെ വിധിക്കും.
“നീതി കിട്ടണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത് കിട്ടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. ഞാൻ കള്ള് കുടിക്കും. പക്ഷേ, ഇപ്പോ ഞാൻ ഹാപ്പിയാണ്. സാക്ഷിമൊഴി മാറ്റാൻ എനിക്ക് കുറേ ഓഫറുകൾ വന്നു. കോടികളാണ് എനിക്ക് വാഗ്ദാനം ചെയ്തത്. ഞാൻ ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങിയിട്ടില്ല. ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഞാൻ ഇപ്പോഴും കോളനിയിലാണ് കിടക്കുന്നത്, മൂന്ന് സെന്റ് സ്ഥലത്ത്. എന്റെ കുഞ്ഞിന് (അഭയ) നീത് കിട്ടി. ഇന്ന് അവരുടെ കുടുംബത്തിൽ ആരേലും ഉണ്ടോ ? എല്ലാം പോയില്ലേ. ആ കുഞ്ഞിന്റെ ഒരു അപ്പനായിട്ട് പറയാ, ഞാൻ ഭയങ്കര ഹാപ്പിയാണ്,” രാജു പറഞ്ഞു.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെൻത് കോണ്‍വന്റിൽ മോഷ്ടിക്കാനെത്തിയപ്പോൾ പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും അവിടെ കണ്ടെന്നാണ് രാജുവിന്റെ മൊഴി. അഭയയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാൻ ക്രൈം ബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നെന്നും രാജു പറഞ്ഞു.
Read Also: ഞാൻ ദെെവത്തിൽ ശരണപ്പെടുന്നു, കുറ്റമൊന്നും ചെയ്തിട്ടില്ല: തോമസ് കോട്ടൂർ
സത്യം ജയിച്ചെന്ന് വർഗീസ് പി.തോമസ്. സത്യം ജയിച്ചെന്നും താൻ വലിയ വിലയാണ് നൽകേണ്ടി വന്നതെന്നും അഭയ കേസ് അന്വേഷിച്ച സിബിഐ മുൻ ഡിവൈഎസ്പി വർഗീസ് പി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ പ്രധാന കണ്ടെത്തലുകൾ നടത്തുകയും ഒടുവിൽ മേലുദ്യോഗസ്ഥരുടെ സമ്മർത്തെത്തുടർന്ന് രാജിവയ്ക്കുകയും ചെയ്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി.തോമസ്.
“സത്യത്തിനായി നിലകൊണ്ടു. വിധി അതിനു ലഭിച്ച സമ്മാനം. സത്യത്തിനായി വലിയ വില നൽകി. 10 വർഷം സർവീസ് ബാക്കിയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഡിഐജിമാരായി,” വർഗീസ് പി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
വിധിയിൽ ഏറെ സന്തോഷമുണ്ടെന്ന് അഭയയുടെ സഹോദരൻ ബിജു. കേസ് തെളിയില്ലെന്നാണ് ഒരുഘട്ടം വരെ കരുതിയിരുന്നത്. ഒടുവിൽ നീതി കിട്ടി. നാട്ടിൽ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്. ദൈവത്തിന്റെ ഇടപെടൽ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു. അനുകൂല വിധി ലഭിച്ചതിൽ ദെെവത്തിനു നന്ദി പറയുന്നെന്നും ബിജു പറഞ്ഞു.
ഏറെ നാളായി ഇങ്ങനെയൊരു വിധിക്ക് വേണ്ടിയാണ് കാത്തിരുന്നതെന്ന് ആക്ഷൻ കൗണ്‍സിൽ അംഗവും അഭയ കൊലക്കേസ് നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. നീതിപൂർവമായി സിബിഐ കോടതി വിധിപറഞ്ഞു. വിധിയിൽ വലിയ സന്തോഷമുണ്ട്. ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നത്. ഇത് എല്ലാവരുടെയും പോരാട്ടത്തിന്റെ വിജയമാണ്. താൻ ഒരു നിമിത്തം മാത്രം. പണവും സ്വാധീനവും വില പോകില്ലെന്നാണ് വിധി തെളിയിക്കുന്നത്. ഇനി മരിച്ചാലും കുഴപ്പമില്ല. സിബിഐ പ്രോസിക്യൂട്ടർക്കൊപ്പം ഒരു ഗുമസ്തനെ പോലെ ഞാൻ നടന്നു. എന്നെ ഒതുക്കാൻ നിരവധി കള്ളക്കേസുകൾ ഉണ്ടാക്കി. എല്ലാറ്റിനും അവസാനം അഭയയ്ക്ക് നീതി കിട്ടിയെന്നും ജോമോൻ പറഞ്ഞു.
Read Also: ഞാനൊരു നിമിത്തം മാത്രം; ഇനിയെനിക്ക് മരിച്ചാലും ദുഃഖമില്ല: ജോമോൻ പുത്തൻ പുരയ്ക്കൽ
അതേസമയം, താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അഭയ കൊലക്കേസ് പ്രതി ഫാദർ തോമസ് കോട്ടൂർ. തിരുവനന്തപുരം സിബിഐ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കേസിൽ ഒന്നാം പ്രതിയായ തോമസ് കോട്ടൂരിന്റെ പ്രതികരണം. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താൻ നിഷ്കളങ്കനാണെന്നും തോമസ് കോട്ടൂർ മാധ്യമങ്ങളോട് പറഞ്ഞു.
“ദൈവം എന്റെ കൂടെയുണ്ട്. ഞാൻ ദൈവത്തിൽ ശരണപ്പെടുന്നു. കുറ്റം ചെയ്തിട്ടില്ല. ഞാൻ നിരപരാധിയാണ്. ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയനുസരിച്ച് ഞാൻ പ്രവർത്തിക്കും,” തോമസ് കോട്ടൂർ പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് തോമസ് കോട്ടൂർ മറുപടി നൽകിയത്. താൻ ദൈവത്തിൽ ശരണപ്പെടുന്നു എന്ന് പലതവണ തോമസ് കോട്ടൂർ ആവർത്തിച്ചു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ സിസ്റ്റർ സെഫി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചില്ല. കോടതി വിധിക്ക് ശേഷം വാഹനത്തിൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ സിസ്റ്റർ സെഫി കഴുത്തിലെ മാലയിലുള്ള കുരിശ് ഉയർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ വിധിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴും കുരിശ് ഉയർത്തിപ്പിടിക്കുക മാത്രമാണ് സെഫി ചെയ്തത്. ഒരക്ഷരം പോലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി നൽകിയില്ല. കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഇതുതന്നെയായിരുന്നു സെഫിയുടെ പ്രതികരണം.