തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടരും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ. രാജു നമ്പുതിരി, ക്രൈംബ്രാഞ്ച് മുൻ ഹെഡ് കോൺസ്റ്റബിൾ ശങ്കരൻ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്‍തരിക്കുക. 26 ആം തിയതി വരെയാണ് രണ്ടാംഘട്ട വിസ്താരം. ഓഗസ്റ്റിലാണ് കേസിലെ വിചാരണ ആരംഭിച്ചത്.

ആദ്യഘട്ട വിസ്താരത്തിൽ എട്ടു പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയപ്പോൾ ആറുപേർ കൂറുമാറിയിരുന്നു. അതേസമയം, കേസിലെ മുഖ്യ സാക്ഷിയായ രാജു, ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിഞ്ഞിരുന്നു. അഭയ കൊല്ലപ്പെട്ട ദിവസം രാത്രി ഫാദർ കോൺവെന്റിന്റെ പടികൾ കയറി മുകളിലേക്ക് പോകുന്നത് താൻ കണ്ടിരുന്നുവെന്ന് മോഷ്ടാവായ രാജു പറഞ്ഞിരുന്നു.

Read More: അഭയയുടെ മുഖത്ത് മുറിവുണ്ടായിരുന്നു; പ്രതികളായ വൈദികരുടെ നോട്ടം ശരിയല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടുണ്ട്; നിര്‍ണ്ണായക വെളിപ്പെടുത്തല്‍

മരണശേഷം അഭയയുടെ മൃതദേഹം കാണാനെത്തിയപ്പോള്‍ മുഖത്ത് മുറിവ് കണ്ടിരുന്നുവെന്ന് അഭയയെ പഠിപ്പിച്ച അധ്യാപിക പ്രൊഫ.ത്രേസ്യാമ്മയും വിചാരണ വേളയിൽ പറഞ്ഞിരുന്ന. നേരത്തെ നല്‍കിയ രഹസ്യമൊഴിയില്‍ ത്രേസ്യാമ്മ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. കേസില്‍ വിചാരണ നടക്കുമ്പോൾ ആറ് സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ത്രേസ്യാമ്മ വ്യക്തമാക്കിയത്.

മൊഴി മാറ്റാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും ത്രേസ്യാമ്മ മാധ്യമങ്ങളോട് പറഞ്ഞു. “മരണം നടന്നതിനു ശേഷം മഠത്തിലെത്തി അഭയയുടെ മൃതദേഹം കണ്ടു. കിണറിനരികിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയില്‍ ബെഡ് ഷീറ്റ് മാറ്റി അഭയയുടെ മുഖം കാണിച്ചുതന്നു. കഴുത്ത് വരെയുള്ള ഭാഗമാണ് കണ്ടത്. അഭയയുടെ മുഖത്ത് മുറിവുണ്ടായിരുന്നു. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുറിവ് കണ്ടതായി ആരും വെളിപ്പെടുത്തിയിട്ടില്ല. അതേക്കുറിച്ച് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. സത്യസന്ധമായ കാര്യങ്ങളാണ് അന്നും ഇന്നും പറഞ്ഞിരിക്കുന്നത്.” ത്രേസ്യാമ്മ പറഞ്ഞിരുന്നു.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യ ദിനം കേസിലെ 50-ാം സാക്ഷിയായ സിസ്റ്റര്‍ അനുപമയും രണ്ടാം ദിവസം നാലാം സാക്ഷി സഞ്ജു പി മാത്യുവും മൊഴി മാറ്റിയിരുന്നു.

സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.