കോട്ടയം: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവുമായി തൃശൂർ അതി രൂപത കലണ്ടർ പുറത്തിറക്കിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധമുയർന്നത് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. എന്നിട്ടും കലണ്ടർ പിൻവലിക്കാൻ തയാറാകാത്ത തൃശൂർ അതിരൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും അതേനാണയത്തിൽ തിരിച്ചടിയുമായി വിശ്വാസികൾ രംഗത്തെത്തി. ഫ്രാങ്കോ കലണ്ടറിന് ബദലായി അഭയ കലണ്ടർ ഇറക്കിക്കൊണ്ടാണ് വിശ്വാസികളുടെ വേറിട്ട പ്രതിഷേധം.
അഭയ കേസിലെ വിധിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം (കെസിആർഎം കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നടത്തിയ പരിപാടിയിലാണു കലണ്ടറിന്റെ അനൗപചാരിക പ്രകാശനം നടന്നത്. അഭയ കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണു കലണ്ടർ പ്രസദ്ധീകരിച്ചതെന്ന് കെസിആർഎം ചെയർമാൻ മാത്യു തരക്കുന്നേൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടർ കെസിആർഎം പ്രവർത്തകർ കഴിഞ്ഞയാഴ്ച കത്തിച്ചിരുന്നു.
കോട്ടയം അതിരൂപതാ മേധാവികൾ രാജ്യനിയമങ്ങളെയും ധാർമികമൂല്യങ്ങളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് അഭയ കൊലക്കേസിൽ പ്രതികളായ പുരോഹിതരെയും കന്യാസ്ത്രിയെയും പുറത്താക്കാതെ ഔദ്യോഗിക വേഷത്തിൽ തുടരാനനുവദിക്കുകയും സഭാസ്വത്ത് ദുരുപയോഗം ചെയ്ത് കേസ് നടത്തുകയും വഴി ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസികളുടെ വിമർശനം. ഇതിനെതിരെയാണ് ഇന്നത്തെ പ്രതിഷേധവും അഭയ കലണ്ടർ പ്രകാശനവും കേസിലെ മുഖ്യ സാക്ഷിയായ രാജുവിനെ അനുമോദിക്കലും സംഘടിപ്പിച്ചത്.
ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും അപമാനിക്കുകയും സമൂഹമധ്യത്തിൽ അപഹാസ്യരാകുകയും ചെയ്യുന്ന അസാന്മാർഗീക പൗരോഹിത്യങ്ങളിൽനിന്നും സഭയെ രക്ഷിക്കാൻ പ്രതികളെ എത്രയും പെട്ടന്ന് പുറത്താക്കണമെന്ന് കെസിആർഎം സെക്രട്ടറി ജോർജ് ജോസഫ് പറഞ്ഞു.