ന്യൂഡൽഹി: നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. രാഷ്ട്രീയ ജീവതത്തിലെ തന്റെ മൂന്നാം തട്ടകത്തിലാണ് അബ്ദുള്ളക്കുട്ടി എത്തിയിരിക്കുന്നത്. ബിജെപി പാർലമെന്ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വമെടുത്തത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയിൽ നിന്നുമാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി മുരളീധരൻ, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ സാനിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം.

ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്‌ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്‌ലിങ്ങൾക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് ഇനി താൻ പ്രവർത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. ബിജെപി അംഗത്വമെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുവരും തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചെന്നും ഉചിതമായ തീരുമാനം ഉടനെടുക്കുമെന്നാണ് അന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.

മോദി സ്‌തുതിയുടെ പേരിൽ ആദ്യം സിപിഎമ്മും പിന്നീട് കോൺഗ്രസും പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് നീങ്ങുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പാർലമെന്റിലെ ഓഫീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.

അബ്‌ദുള്ളക്കുട്ടി വഴി കേരളത്തിൽ മുസ്‌ലിം വിഭാഗം അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം, അയൽ സംസ്ഥാനമായ കർണാടകയിൽ പ്രവർത്തിക്കാൻ അബ്ദുള്ളക്കുട്ടി താത്പര്യം പ്രകടിപ്പിച്ചെന്നും അറിയുന്നു. ഇന്നലത്തെ ചർച്ചകളിൽ സംസ്ഥാന ബിജെപി നേതാക്കൻമാർ ആരുമുണ്ടായിരുന്നില്ല. കർണാടകയിൽ നിന്നുള്ള എംപിയും മലയാളി വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ വഴിയാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.