തിരുവനന്തപുരം: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് മടങ്ങാന്‍ 15 ലക്ഷം രൂപ ചെലവിനത്തിൽ നൽകണമെന്ന കർണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഒരുങ്ങുന്നു.

തുക കുറച്ചു തരണമെന്ന് മഅ്ദനി കോടതിയിൽ ആവശ്യപ്പെടും. ഇതിന് മുന്നോടിയായി കർണാടക സർക്കാരിന് മഅ്ദനിയുടെ അഭിഭാഷകർ ഇന്ന് നോട്ടീസ് നൽകും.

ഇതിനിടെ മഅ്ദനിക്ക് സുരക്ഷ ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ പോലെ കുറഞ്ഞ ചെലവില്‍ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ചെന്നിത്തല പിണറായി വിജയനുമായും ചര്‍ച്ച നടത്തി.

കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവ് മഅ്ദനി വഹിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനായി പൊലീസ് അകമ്പടിക്കും മറ്റു ചെലവുകൾക്കുമായി 14.80 ലക്ഷം രൂപ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

മഅ്ദനിക്കുനേരെ പുറത്തുനിന്നും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നതെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ പറയുന്നത്. അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രച്ചെലവും വഹിക്കണമെന്നു കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്. ഇതും കൂടി ആകുമ്പോൾ 15 ലക്ഷത്തിലധികം ചെലവാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ