കണ്ണൂർ: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി തലശ്ശേരിയിലെത്തി. തലശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മഅ്ദനിയെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. രാവിലെ പതിനൊന്നരയ്ക്ക് ടൗൺ ഹാളിൽവച്ചാണ് മഅ്ദനിയുടെ മൂത്തമകന്‍ ഉമർ മുക്തറിന്റെ വിവാഹം. മാഹി അഴിയൂർ സ്വദേശി പുത്തൻപുരയിൽ ഇല്ല്യാസിന്റെ മകളാണ് വധു.

ടൗൺഹാളിലെ ചടങ്ങുകൾക്കുശേഷം മഅ്ദനിയും കുടുംബവും അഴിയൂരിലുള്ള വധുവിന്റെ വീട്ടിലെ ചടങ്ങുകളിലും പങ്കെടുക്കും. അതിനുശേഷം കോ‌ഴിക്കോട്ടേക്ക് പോകും. നാളെ രാവിലെ അൻവാർശേരിയിലേക്ക് മഅ്ദനി തിരിക്കും.

മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവ് കർണാടക സർക്കാർ കുറച്ചതോടയാണ് മഅ്ദനിക്ക് കേരളത്തിലേക്ക് എത്താനായത്. 15 ലക്ഷത്തിൽനിന്ന് 1,18,000 രൂപയായാണ് സുരക്ഷാ ചെലവ് കുറച്ചത്. ഈ മാസം 6 മുതൽ 19 വരെ മഅ്ദനിക്ക് കേരളത്തിൽ തങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. അർബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗൺ ഹാളിൽ ഓഗസ്റ്റ് ഒൻപതിനു മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായാണ് കേരളത്തിൽ തങ്ങാൻ മഅ്ദനിക്ക് അനുമതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.