ബെംഗളൂരു ∙ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവില്ല. ഓഗസ്റ്റ് ഒൻപതിനു തലശ്ശേരിയിലാണ് മകന്റെ വിവാഹച്ചടങ്ങ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് കാട്ടി മഅദനി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ മാതാപിതാക്കളെ കാണാൻ ഓഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ മാത്രമെ കേരളത്തിൽ തങ്ങാനുള്ള അനുമതിയെ ബെംഗളൂരു എൻഐഎ കോടതി നൽകിയിട്ടുള്ളു.

മഅദനിക്കു ജാമ്യം നൽകിയ സുപ്രീം കോടതി, ഇതിനു മുൻപും മാതാപിതാക്കളെ കാണാൻ മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഇത് മാത്രമേ വിചാരണ കോടതിക്കും അനുവദിക്കാൻ കഴിയു എന്ന് എൻഐഎ കോടതി വ്യക്തമാക്കി. കോടതി വിധിക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് മഅദനിയുടെ അഭിഭാഷകൻ അറിയിച്ചു. സുപ്രീംകോടതിയിൽ ഇതിനായി അപ്പീൽ സമർപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

അർബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗൺ ഹാളിൽ ഓഗസ്റ്റ് ഒൻപതിനു മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി ഓഗസ്റ്റ് ഒന്നു മുതൽ 20 വരെ കേരളത്തിൽ തങ്ങാനായി ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്നാണു മഅദനിയുടെ അപേക്ഷ. ബെംഗളൂരു സ്ഫോടനപരമ്പരക്കേസിലെ 31-ാം പ്രതിയായ മഅദനി നിലവിൽ ലാൽബാഗ് സഹായ ആശുപത്രിയിൽ ചികിൽസയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.