തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിന്റെ പ്രസ്ഥാവനയ്ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു. മുമ്പ് സെന്‍കുമാറിന് പിന്തുണയുമായെത്തിയ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം സൂചിപ്പിച്ചാണ് ആഷിഖിന്റെ വിമര്‍ശനം.

“നിങ്ങൾ വല്ലാതെ ബഹളം വെക്കേണ്ട. അയാൾ നിങ്ങളുടെ കയ്യിലല്ല ഇപ്പോൾ മറ്റാളുകളുടെ കയ്യിലാണ്. നിങ്ങളേക്കാൾ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കയ്യിലുണ്ട് അത് ഓർമ്മിച്ചോ..”- സ: പിണറായി വിജയൻ (മുമ്പേ പറഞ്ഞത് ), ആഷിഖ് തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

മതതീവ്രവാദത്തിന്റെ പേരിൽ ആർ.എസ്.എസിനെ ഐഎസുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും കേരളത്തിൽ ജനിക്കുന്ന 100 കുട്ടികളിൽ 42 പേരും മുസ്ലീമാണ് തുടങ്ങിയവയായിരുന്നു സെൻകുമാറിന്റെ പ്രസ്താവനകൾ. ഒരു അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയരുകയാണ്. ഇതിനിടെയാണ് ആഷിഖ് അബുവും രംഗത്തെത്തിയത്.

സംസ്ഥാനത്ത് ഡിജിപിക്ക് പോലും രക്ഷയില്ലെന്നും ഡിജിപിയുടെ വീട്ടിലേക്ക് ചിലര്‍ മാര്‍ച്ച് നടത്തുകയാണെന്നും നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയതിന് മറുപടിയായാണ് മുഖ്യമന്ത്രി മാസങ്ങള്‍ക്ക് മുമ്പ് സെന്‍കുമാറിനെ വിമര്‍ശിച്ചത്. സെന്‍കുമാര്‍ ഇപ്പോള്‍ ബിജെപി പാളയത്തിലാണെന്ന് പാര്‍ട്ടിയുടെ പേരുപറയാതെ മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയായിരുന്നു.

“സെന്‍കുമാര്‍ പുതിയ താവളം നോക്കുകയാണ്. ഇപ്പോള്‍ നിങ്ങളുടെ കൈയിലല്ല, മറ്റാളുകളുടെ കൈയിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ആക്ഷേപങ്ങള്‍. സെന്‍കുമാര്‍ നിങ്ങളേക്കാള്‍ വലിയ രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് ഡിജിപി സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയിലല്ല സംസാരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അപകീര്‍ത്തികരമായ തെറ്റായ കാര്യങ്ങള്‍ പറയുകയാണ്. പ്രതിപക്ഷമാണ് വിമര്‍ശിക്കുന്നതെങ്കില്‍ കുഴപ്പമില്ല. പക്ഷേ, അയാള്‍ ഉദ്യോഗസ്ഥനാണ്. സെന്‍കുമാറിന് മാന്യമായ സ്ഥാനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ