scorecardresearch
Latest News

ആയുധമായി സില്‍വര്‍ ലൈന്‍; തൃക്കാക്കരയിലൂടെ കേരളത്തിലെത്താന്‍ ആംആദ്മി

തൃക്കാക്കരയില്‍ യുഡിഎഫിന് ഉജ്വല വിജയം നേടാനായില്ലെങ്കില്‍ അത് സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള ജനപിന്തുണയായി കാണുമെന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്

ആയുധമായി സില്‍വര്‍ ലൈന്‍; തൃക്കാക്കരയിലൂടെ കേരളത്തിലെത്താന്‍ ആംആദ്മി

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിര്‍ണായകമായ മറ്റൊരു തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ്. എറണാകുളം ജില്ലയിലെ തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം സംസ്ഥാനത്തുടനീളം നടക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ ജനം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം സില്‍വര്‍ലൈന്‍ പദ്ധതിയായിരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയുടെ വാദം. നിലവില്‍ കോണ്‍ഗ്രസിന്റെ കൈയിലാണ് മണ്ഡലം. എംഎല്‍എയായിരുന്ന പി. ടി. തോമസിന്റെ മരണത്തെ തുടര്‍ന്നാണിപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ക്ക് പുറമെ ആംആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

റെയില്‍ പദ്ധതിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്, വികസനരാഷ്ട്രീയമാണ് എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫിന് ഉജ്വല വിജയം നേടാനായില്ലെങ്കില്‍ അത് സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള ജനപിന്തുണയായി കാണുമെന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജയരാജനും സതീശനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമാണ് തിരഞ്ഞെടുപ്പ് കൂടുതല്‍ നിര്‍ണായകമാവുക. കാരണം മൂവരും ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 2011 മുതല്‍ കോണ്‍ഗ്രസിനൊപ്പമുള്ള മണ്ഡലം കൈവിട്ടാല്‍ സുധാകരനും സതീശനും പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കും.

വികസന രാഷ്ട്രിയത്തിനൊപ്പമെന്ന് കെ. വി. തോമസ്

കൊച്ചി നഗരസഭയുടെ ഭാഗങ്ങളും തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 ക്ക് 13,800 വോട്ടുകളാണ് ലഭിച്ചത്. നിലവില്‍ എറണാകുളത്തെ നാല് പഞ്ചായത്തുകളില്‍ ട്വന്റി 20 യുടെ സാന്നിധ്യമുണ്ട്. എന്നാലിവയൊന്നും തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമല്ല.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ഇതുവരെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ പോലും സാന്നിധ്യം തെളിയിക്കാനായിട്ടില്ല. എന്നാല്‍ നഗരപ്രദേശങ്ങളില്‍ വോട്ടുറപ്പിക്കാന്‍ ആംആദ്മിയുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്വന്റി 20. “ഉപ തിരഞ്ഞെടുപ്പിൽ പൊതു സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയെ നിർത്താൻ ഞങ്ങൾ ആലോചിക്കുന്നു. എൽഡിഎഫിനേയും യുഡിഎഫിനേയും ജനങ്ങൾ മടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സംഘടനാ ചരിത്രമില്ലാതിരുന്നിട്ടും 13,800 വോട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു,”കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ (എംഡി) സാബു എം. ജേക്കബ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന ഘടകം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. വി. തോമസാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെ തോമസിനെ നേതൃത്വം രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ ഉപതിര‍ഞ്ഞെടുപ്പില്‍ പിന്തുണയ്ക്കില്ലെന്ന് തോമസ് പറയാതെ പറഞ്ഞിരുന്നു. ഞാന്‍ വികസന രാഷ്ട്രീയത്തിനൊപ്പമാണ്, കെ റെയില്‍ പ്രോജക്ട് നാടിനാവശ്യമാണ്. വെറുതെ അത്തരമൊരു പദ്ധതിയെ എതിര്‍ക്കാനാകില്ല, തോമസ് പറഞ്ഞു.

Also Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ചുവരുകളില്‍ അരുൺ കുമാർ; സ്ഥാനാര്‍ഥി നിര്‍ണയം നാളെത്തെ എല്‍ഡിഎഫ് യോഗത്തിലെന്ന് ഇ.പി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Aap may enter kerala via thrikkakara by election