ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂര്‍ണമായും പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ കേരളത്തിലെ മുഴുവന്‍ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു.
ജവുവരി പത്തിന് ചേര്‍ന്ന നേതൃയോഗത്തില്‍, കേരളത്തില്‍ അടക്കം പാര്‍ട്ടി ഘടകങ്ങളെ ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തിരുന്നെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതെന്നും എഎപി അറിയിച്ചു. ജനുവരി 10 ന് കേരള ഘടകത്തിലെ അടക്കമുള്ള നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു യോഗത്തിന്റെ ചര്‍ച്ചകളുണ്ടായി. കേരളത്തിലെ പാര്‍ട്ടി ഘടകത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.