തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ ‘കിരണ്‍’ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

ആക്കുളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെയാകെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സ്നേഹാംഗീകാരമാണ് ഈ എയര്‍ക്രാഫ്റ്റെന്ന് മന്ത്രി പറഞ്ഞു.

1968 മുതല്‍ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയുടെ പരിശീലന വിമാനമായിരുന്നു കിരണ്‍ എം.കെ വണ്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ പ്രിയങ്കരമാകും ചരിത്ര പ്രാധാന്യമുള്ള കിരണ്‍ എയര്‍ ക്രാഫ്റ്റെന്ന് സതേണ്‍ എയര്‍ കമാന്റിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് പറഞ്ഞു.

പത്ത് ലക്ഷം മണിക്കൂറുകള്‍ പറന്ന, ആറായിരം പൈലറ്റുകളെ പരിശീലിപ്പിച്ച ഈ എയര്‍ക്രാഫ്റ്റ് വ്യോമസേനയുടെ അഭിമാന താരമാണ്. ആകാശ അഭ്യാസത്തിലൂടെ വിസ്മയിപ്പിക്കുന്ന സൂര്യകിരണ്‍ സംഘത്തിലും ഈ എയര്‍ക്രാഫ്റ്റുണ്ടായിരുന്നു. രാജ്യത്തിന്റെയും വ്യോമസേനയുടെയും ചരിത്രത്തില്‍ ഇടം നേടിയ കിരണ്‍ എയര്‍ക്രാഫ്റ്റ് ആക്കുളത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാകും.

മാലിന്യ നിക്ഷേപം മൂലം ദുര്‍ഗന്ധപൂരിതമായ ആക്കുളം കായലിനെ രക്ഷിക്കാന്‍ 128 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി കിഫ്ബി വഴി സർക്കാർ നടപ്പാക്കുന്നു. ഈ പദ്ധതിയുടെ വിശദമായ രൂപരേഖ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആക്കുളം ഡസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ഡോ. ഉഷ ടൈറ്റസ്  കഴിഞ്ഞ ദിവസം  സമര്‍പ്പിച്ചിരുന്നു. തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിങ് കോളേജിലെ ട്രാന്‍സിഷണല്‍ റിസര്‍ച്ച് ആന്റ് പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് സെന്ററാണ് തയ്യാറാക്കിയത്.

ആക്കുളം കായലിലെ മാലിന്യങ്ങളും, പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമുള്ള നിലയിലേക്ക് മാറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാകെ നീക്കം ചെയ്യുന്നതിനൊപ്പം റീ സൈക്ലിങ് സംവിധാനത്തിലൂടെ ജലം ശുചീകരിക്കും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ അത്യാധുനികമായ ഇന്റലിജന്റ് ഓണ്‍സൈറ്റ് വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് സംവിധാനവും , ലിവിംഗ് ലാബും സ്ഥാപിക്കും. കായലിലെ വെള്ളം സാമ്പിള്‍ എടുത്ത് പുറത്ത് കൊണ്ടുപോയി പരിശോധിക്കാതെ തന്നെ വെള്ളത്തിന്റെ ഗുണനിലവാരം അപ്പപ്പോള്‍ തന്നെ അറിയാനും, ജല ശുചീകരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും ഇത് വഴി സാധിക്കും.

വികേന്ദ്രീകൃത മലിനജല ശുചീകരണ സംവിധാനങ്ങളും നീര്‍ത്തടങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. പുറമെ കണ്ടാല്‍ പൂന്തോട്ടവും സൗന്ദര്യവല്‍ക്കരണ പദ്ധതിയുമായി തോന്നും വിധത്തിലാകും ജലശുചീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക. ആക്കുളം കായലില്‍ നിലവില്‍ മണ്ണ് ഉയര്‍ന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളില്‍ സ്വാഭാവികമായ ജലശുചീകരണ മാര്‍ഗങ്ങള്‍ ഒരുക്കും. ബാംബു ബ്രിഡ്ജ്, ഗ്രീന്‍ ബ്രിഡ്ജ്, പരിസ്ഥിതി മതിലുകള്‍, ഇടനാഴികള്‍, കല്ലുകള്‍ പാകിയ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, പൂന്തോട്ടത്തിന് നടുവില്‍ വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

പൊതുജനപങ്കാളിത്തത്തോടെ ആക്കുളം പുനരുജ്ജീവന പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കായലിലേയ്ക്ക് വീണ്ടും മാലിന്യ നിക്ഷേപം ഉണ്ടാകാതിരിക്കാനുള്ള പ്രചാരണ മാര്‍ഗമായും, പദ്ധതിക്ക് ജനപിന്തുണ ഉറപ്പാക്കുന്നതിനും നദീതട യാത്രയടക്കമുള്ള പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.