കൊച്ചി: പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണി ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് ആട് ആന്റണി സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എം.ആർ.അനിതയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളി.

ആരാണ് ആട് ആന്റണി ?

കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആട് ആന്റണി. കുപ്രസിദ്ധ ഗുണ്ടയും മോഷ്ടാവുമാണ്. കൊലപാതകം, മോഷണം ഉള്‍പ്പെടെ ഇരുന്നൂറില്‍പ്പരം കേസുകളിൽ പ്രതിയായ ആട് ആന്റണിയെ പിടികിട്ടാപുള്ളിയായി കേരള പൊലീസ് പ്രഖ്യാപിച്ചിരുന്നു.

ആട് ആന്റണിക്കെതിരായ കേസ്

2012 ജൂൺ 26നാണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും ഡ്രെെവറുമായ മണിയൻപിള്ളയെ ആട് ആന്റണി കുത്തി പരുക്കേൽപ്പിച്ചത്. പാരിപ്പള്ളി ജവഹർ ജങ്ഷനിലായിരുന്നു സംഭവം. സമീപത്തെ കംപ്യൂട്ടർ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ ആട് ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ മണിയൻപിള്ളയെ ആന്റണി കുത്തി.

നൈറ്റ് പട്രോളിങ്ങിനിടെയാണ് ആട് ആന്റണിയെ പൊലീസ് പിടികൂടാൻ ശ്രമിച്ചത്. മോഷണം നടത്തിയ ശേഷം തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഒമിനി വാനിൽ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം എഎസ്ഐ ജോയിയും സംഘവും തടഞ്ഞ് നിർത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ എഎസ്ഐ ജോയിയെയും പൊലീസ് ഡ്രൈവർ മണിയൻപിള്ളയെയും കമ്പിപ്പാര ഉപയോഗിച്ചു ആന്റണി കുത്തി. കുത്തേറ്റ് സിപിഒ മണിയൻപിള്ള മരിച്ചു. എഎസ്ഐ ജോയി പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്.

Read Also: മേശപ്പുറത്ത് ഗ്ലാസ് പൊട്ടിയ നിലയിൽ; വീട്ടമ്മയുടെ കൊലപാതകത്തിൽ ദുരൂഹത, കാറിനു പിന്നാലെ പൊലീസ്

കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ആന്റണിയെ കണ്ടെത്താൻ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ തെരച്ചിൽ നടത്തിയിരുന്നു. കൊലപാതകം കഴിഞ്ഞ് ഏതാണ്ട് മൂന്ന് വർഷത്തിനുശേഷം പാലക്കാട് ഗോപാലപുരത്ത് നിന്ന് 2015 ഒക്ടോബർ 13 ന് രാവിലെ 7.30 നാണ് ഇയാളെ പോലീസ് പിടികൂടിയത്. വേഷം മാറി പല രൂപത്തിലാണ് ആന്റണി ഒളിച്ചുകഴിഞ്ഞിരുന്നത്. മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ പലയിടത്തായി വേഷവും പേരും മാറി ഇയാൾ ഒളിച്ചുതാമസിക്കുകയായിരുന്നു.

ആട് ആന്റണിയുടെ ഭാര്യയും മകനും ഗോപാലപുരത്തായിരുന്നു താമസിച്ചിരുന്നത്. മകനെ കാണാൻ ആന്റണി ഗോപാലപുരത്തെ വീട്ടിൽ ഇടയ്‌ക്കെ എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിടികൂടിയ ദിവസം ആട് ആന്റണി ഗോപാലപുരത്ത് എത്തുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് ആസൂത്രിത നീക്കത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.

ആട് ആന്റണിയെന്ന പേര്

ഒരു മോഷണത്തിലൂടെയാണ് ആന്റണിക്ക് ‘ആട് ആന്റണി’ എന്ന പേര് ലഭിക്കുന്നത്. കൊല്ലം ജില്ലയിലെ കുമ്പളത്ത് നിന്നു ഒരു ആടിനെ മോഷ്ടിച്ച ശേഷം പിടിയിലായപ്പോൾ ആണ് ആന്റണിയുടെ പേരിനൊപ്പം ആട് എന്നുകൂടി ചേർത്ത് വിളിക്കാൻ തുടങ്ങിയത്. പിന്നീട്, ഇയാൾ കേരളത്തിലെ കുപ്രസിദ്ധ കള്ളനായ ആട് ആന്റണിയായി.

മോഷണത്തിനൊപ്പം മറ്റൊരു കാര്യത്തിലും ആന്റണി കുപ്രസിദ്ധി നേടിയിരുന്നു. ആന്റണി ഇതുവരെ 21 വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.