scorecardresearch

സ്‍കൂള്‍ ഉച്ചഭക്ഷണത്തിന് ആധാര്‍: കേന്ദ്ര നടപടി വിചിത്രവും അപഹാസ്യവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാചക വാതക സബ്സിഡിയിൽ വെള്ളം ചേർത്ത രീതിയിൽ ഉച്ചഭക്ഷണത്തിലും കൈവെക്കുന്നത് സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ തോത് വർധിപ്പിക്കാനിടയാക്കും. വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുന്ന ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പിണറായി

പാചക വാതക സബ്സിഡിയിൽ വെള്ളം ചേർത്ത രീതിയിൽ ഉച്ചഭക്ഷണത്തിലും കൈവെക്കുന്നത് സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ തോത് വർധിപ്പിക്കാനിടയാക്കും. വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുന്ന ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പിണറായി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pinarayi vijayan

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നീക്കമെന്നു പറയുന്നു. സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. അതിന്റെ സുതാര്യതയിലും കാര്യക്ഷമതയിലും ആധാറിന് എന്താണ് കാര്യം? കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സർക്കാരിന്റെ അനിവാര്യമായ ഉത്തരവാദിത്തമാണെന്നും അതിൽ സാങ്കേതിക തടസ്സം സൃഷ്ടിക്കാനേ ഈ തീരുമാനം ഇടയാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്‌കൂളുകളിലായി 10.03 കോടി കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്. ഈ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് അവർ വിദ്യാർത്ഥികളാണ് എന്നതുകൊണ്ടാണ്. പാചക വാതക സബ്സിഡിയിൽ വെള്ളം ചേർത്ത രീതിയിൽ ഉച്ചഭക്ഷണത്തിലും കൈവെക്കുന്നത് സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ തോത് വർധിപ്പിക്കാനിടയാക്കും. വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുന്ന ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പിണറായി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതി വിധി നിലനില്‍ക്കെയാണ് സ്കൂളില്‍ ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ആധാര്‍ കാര്‍ഡോ അപേക്ഷിച്ചതിന്റെ രേഖയോ ഇല്ലാത്ത കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കേണ്ടെന്നാണ് നിര്‍ദേശം.

Advertisment

കുട്ടികളെ കൂടാതെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ പാചകക്കാര്‍, സഹായികള്‍ എന്നിവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ സബ്‌സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്.

ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നല്‍കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലിറ്ററസി (ഡി.എസ്.ഇ.എല്‍) വ്യക്തമാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അയച്ചതായും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. അതേസമയം, ജമ്മുകശ്മിര്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലുള്ള വിദ്യാലയങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകംചെയ്യുന്നവരും സഹായികളും പദ്ധതിയുടെ ആനുകൂല്യം പറ്റുന്നതിനാലാണ് അവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Aadhaar Card Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: