തിരുവനന്തപുരം: സിപിഎമ്മിന് രാജ്യസഭയിലേക്കും പുതിയ മുഖം. എ.എ.റഹീം രാജ്യസഭാ സ്ഥാനാർത്ഥിയാവും. യുവപ്രാതിനിധ്യം പരിഗണിച്ചാണ് ഡിവിഐഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായ എ.എ.റഹീമിനെ രാജ്യസഭയിലേക്ക് അയക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവത്തനം ആരംഭിച്ച റഹീം 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വർക്കലയിൽ എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ അന്ന് പതിനായിരം വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി കഹാറിനോട് പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി റഹീമിന്റെ പേര് ഉയർന്നു കേട്ടെങ്കിലും സീറ്റ് നൽകിയിരുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിവിഐഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്ന മുഹമ്മദ് റിയാസ് മന്ത്രിസഭയിൽ എത്തിയതോടെയാണ് സംസ്ഥാന സെക്രട്ടറി ആയിരുന്ന റഹീമിനെ അഖിലേന്ത്യ അധ്യക്ഷനാക്കിയത്.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റംഗം, സർവകലാശാലാ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
ഇന്നലെ രാജ്യസഭാ സീറ്റ് സിപിഐയ്ക്കും സിപിഎമ്മിനും നൽകാൻ എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറിനെ സിപിഐ സ്ഥാനാർത്ഥിയായി സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Also Read: സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ പരാതിയുമായി നടി