തിരുവനന്തപുരം: റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി എഎ അസീസിനെ തിരഞ്ഞെടുത്തു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് എഎ അസീസ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് അസീസ് സംസ്ഥാന സെക്രട്ടറിയായത്. 2012 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 2015ൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലുമാണ് ഇതിനു മുമ്പ് സെക്രട്ടറിയായത്.
2001ലും 2006ലും പിന്നീട് 2011 ലും ഇരവിപുരം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട അസീസ് പക്ഷെ 2016 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
നിലവിൽ യു ടി യു സി ദേശീയ പ്രസിഡൻറാണ്. കശുവണ്ടി തൊഴിലാളി യൂണിയൻ, കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ തുടങ്ങി 30 ഓളം യൂണിയനുകളുടെ ഭാരവാഹിയാണ്. ആർ എസ് പി സംസ്ഥാന സെക്രട്ടറിയാവുന്നതിന് മുൻപ് പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. യുടിയുസി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.