തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിന് അനുവദിച്ച പത്ത് ശതമാനം സാമ്പത്തിക സംവരണത്തില്‍ മുസ്‌ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും എന്ന തലക്കെട്ടില്‍ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവൻ ഇക്കാര്യം പറഞ്ഞത്.

ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാന്‍ എന്ന പേരില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് കരുത്ത് പകരുമെന്നും ചോദ്യം ചോദിച്ചവരെ വര്‍ഗീയവാദികളായി മുദ്രകുത്തുകയാണെന്നും സിപിഎം സെക്രട്ടറി ആരോപിച്ചു. മുന്നാക്ക സംവരണം യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Read More: പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് കിട്ടാത്ത മുന്തിരി പുളിക്കും: ഉമ്മൻചാണ്ടി

ജമാ അത്തെ ഇസ്‌ലാമി ശ്രമിക്കുന്നത് ന്യൂനപക്ഷ വര്‍ഗീയ ചേരിക്കായാണ്. ഇത് ബിജെപിയെ സഹായിക്കുന്ന അപകടകരമായ നിലപാടാണ്. മതാത്മക രാഷ്ട്രീയ ചേരിതിരിവിനെയാണ് എതിര്‍ക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. “മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി ഇടതുപക്ഷത്തോട് അടുക്കുന്നത് ജമാ അത്തെ ഇസ്‌ലാമി ഇഷ്ടപ്പെടുന്നില്ല. മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവര്‍ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവര്‍ഗീയത ശക്തിപ്പെടുത്തുമ്പോള്‍ ന്യൂനപക്ഷവര്‍ഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. ഇതിനെയാണ് സിപിഎം വിമര്‍ശിക്കുന്നത്,” അത് ‘വര്‍ഗീയയവാദ’മാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ മലയാളിയുടെ ബോധനിലവാരത്തെ പുച്ഛിക്കുകയാണെന്നും വിജയരാഘവന്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കോണ്‍ഗ്രസിനുള്ളതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

“ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മതനിരപേക്ഷനയങ്ങള്‍ വലിച്ചെറിഞ്ഞ് അധികാരത്തിനുവേണ്ടി ഏതു വര്‍ഗീയ പ്രസ്ഥാനവുമായും കൂട്ടുകൂടുന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തി. അവസരവാദ നിലപാടുകള്‍ സ്വീകരിച്ച് ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ് അവര്‍. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണ് വളമാകുന്നത്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന് ബദല്‍ എന്നോണം മുസ്‌ലിം രാഷ്ട്രവാദം ഉയര്‍ത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഎം തയ്യാറല്ല,” വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.