scorecardresearch

കൊലപാതകം ആസൂത്രിതം, ആർഎസ്എസിന്റെ ലക്ഷ്യം സമാധാന അന്തരീക്ഷം തകർക്കൽ: വിജയരാഘവൻ

പതാകദിനമായ ഇന്ന് തന്നെ ആർഎസ്എസ് ആക്രമണം നടത്തിയത് യാദൃശ്ചികമല്ലെന്നും വിജയരാഘവൻ പറഞ്ഞു

farmers protest, ldf hartal september 27, A Vijayaraghavan, LDF convener, love jihad, narcotic jihad, pala bishop, pinrayi vijayan, kerala news, latest news, indian express malayalam, ie malayalam
Photo: Facebook/ A Vijayaraghavan

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. കലാപമുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുകയെന്ന ഗൂഢാലോചനയാണ് അക്രമണത്തിനു പിന്നിൽ. പതാകദിനമായ ഇന്നു തന്നെ ആർഎസ്എസ് ആക്രമണം നടത്തിയത് യാദ്യച്ഛികമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കോൺഗ്രസ് നടക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അക്രമം സംഘടിപ്പിച്ചവരുടെ ലക്ഷ്യം കലാപമുണ്ടാക്കുകയാണ്. എല്ലാ സമാധാനകാംക്ഷികളും പ്രതിഷേധം രേഖപ്പെടുത്തേണ്ട സംഭവമാണിത്. എല്ലാ വിഭാഗം ജനങ്ങളും ഇത്തരം തെറ്റായ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

ആർഎസ്എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ തയാറാകണമെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. ആക്രമണത്തിനു പ്രത്യാക്രമണമെന്നത് പാര്‍ട്ടിയുടെ രീതിയല്ല. ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും സമാധാനം നിലനിര്‍ത്തുകയെന്നതാണു പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഹരിദാസന്റേത് ബിജെപി നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പ്രദേശത്തെ രണ്ടു പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണു കൊലപാതകം നടന്നത്. പരിശീലനം ലഭിച്ച ആര്‍എസ്എസ്-ബിജെപി സംഘമാണ് കൊല നടത്തിയത്.

കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആര്‍എസ്എസ് -ബിജെപി സംഘം ശ്രമിക്കുന്നത്. ഇതിനുവേണ്ടി ഇവര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം ലഭിച്ചു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള മൂവായിരത്തിലേറെ പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

ആര്‍എസ് എസ്- ബിജെപി സംഘം കൊലക്കത്തി താഴെവയ്ക്കാന്‍ തയാറല്ലെന്നാണ് ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങളില്‍നിന്നു മനസിലാകുന്നത്. പ്രകോപനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. കൊലപാതകം നടത്തിയിടിട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകൻ ഹരിദാസനെ നാലംഗ സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിലാണ് രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ആക്രമിച്ചത്.

ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ജോലി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ഹരിദാസിനെ ആർഎസ്എസ് പ്രവർത്തകർ പതുങ്ങിയിരുന്ന് ആക്രമിക്കുകയായിരുന്നു. തലശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലർ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസംഗവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ പ്രവർത്തകരുടെ മേൽ കൈവച്ചാൽ അതെങ്ങനെ കൈകാര്യം ചെയ്യാം എന്നായിരുന്നു ബിജെപി കൗൺസിലറുടെ പ്രസംഗം. പ്രാദേശികമായി നടന്ന ഒരു പ്രശ്നത്തിന്റെ പേരിലായിരുന്നു ഇത്. ഇതിനു ശേഷമാണ് ഹരിദാസൻ കൊല്ലപ്പെടുന്നത്.

അതേസമയം, ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു. ബിജെപിക്കു കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബിജെപിക്ക് പറയാനുള്ളത്. കൊലപാതകത്തിനു പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടേയെന്നും ഹരിദാസ് പറഞ്ഞു.

Also Read: തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: A vijayaraghavan on thalassery cpm worker murder