തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ആലത്തൂരില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം രാഷ്ട്രീയ പരാമര്‍ശം മാത്രമാണെന്ന് വിജയരാഘവന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാണക്കാട്ട് പോകുന്നതിനെ കുറിച്ചാണ് പറഞ്ഞത്. അതൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണ്. മുസ്ലീം ലീഗ് ഏറ്റവും തീവ്രമായി വര്‍ഗീയവത്കരിക്കപ്പെട്ട കാലമായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ജമാ അത്ത് ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കി ഏറ്റവും തീവ്രമായി മുസ്ലീം ലീഗ് വര്‍ഗീയവത്കരിക്കപ്പെട്ടു. അവര്‍ക്കൊപ്പം കോണ്‍ഗ്രസിനെ പോലുള്ളൊരു പാര്‍ട്ടി ബന്ധപ്പെടുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.

Read More: ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒപ്പം: രമ്യ ഹരിദാസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റത്ത് അപ്രതീക്ഷിത പരാജയമാണ്. എന്നാല്‍, പിണറായി വിജയന്‍ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രമ്യ ഹരിദാസുമായി ബന്ധപ്പെട്ട് വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വക്രീകരിക്കപ്പെട്ടതാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഏതെങ്കിലും രൂപത്തില്‍ രമ്യ ഹരിദാസിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമല്ലായിരുന്നു അത്. എന്നാല്‍, മാധ്യമങ്ങളിലടക്കം അത് വക്രീകരിക്കപ്പെട്ടു. ഇതും തിരഞ്ഞെടുപ്പ് തോല്‍വിയെ സ്വാഭാവികമായി ബാധിച്ചുകാണാം. ലീഗിനെതിരെയാണ് പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും എ.കെ.ബാലന്‍ പറഞ്ഞു.

Read More: ‘വിജയരാഘവന് ജാഗ്രത കുറവുണ്ടായി’; സിപിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസ് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയതിനെ തുടര്‍ന്നാണ് എ.വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം യുഡിഎഫ് അത് ആയുധമാക്കി. എൽഡിഎഫ് കൺവീനർ നടത്തിയ പരാമർശത്തിനെതിരെ രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

Read More: ശൈലിയൊന്നും മാറ്റില്ല, ഇവിടെ വരെ എത്തിയത് ഈ ശൈലി കൊണ്ടാണ്: പിണറായി വിജയന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ വലിയ ദുഖമുണ്ടെന്ന് രമ്യ ഹരിദാസ് നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന, ഒരു മുന്നണിയെ നയിക്കുന്ന കണ്‍വീനറാണ്. അദ്ദേഹത്തെ പോലൊരാള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് തന്നെ വേദനിപ്പിച്ചെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ദീപാ നിശാന്തിനെ പോലുള്ളവര്‍ നടത്തിയ പരാമര്‍ശവും വേദനാജനകമാണെന്നും രമ്യ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.