തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കൈവശം വച്ചുനടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായി കാണാന്‍ സാധിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. അതേസമയം, അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയെ നിശിതമായി എതിര്‍ക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

യുഎപിഎ ചുമത്തുന്നതിനെ ഇടതുപക്ഷം ഒരിക്കലും അംഗീകരിക്കില്ല. ഇക്കാര്യം സര്‍ക്കാരിനോട് ഇടതുപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അതിനനുസരിച്ച നിലപാട് സ്വീകരിക്കും. ഒരിക്കലും യുഎപിഎയെ സര്‍ക്കാര്‍ അനുകൂലിക്കില്ല. യുഎപിഎ ചുമത്താതിരിക്കാനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിത നിലപാടാണ് യുഎപിഎയെ എതിര്‍ക്കുക എന്നുള്ളത്. ആ പ്രഖ്യാപിത നിലപാടിനു വിഭിന്നമായാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. യുഎപിഎ ചുമത്താതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Read Also: പാർട്ടിക്ക് ഒരു ചുക്കും ചെയ്യാൻ പറ്റുന്നില്ല; സർക്കാരിനെ വിമർശിച്ച് ആഷിഖ് അബു

അതേസമയം, മാവോയിസ്റ്റുകളെ ഇടതുമുന്നണി കണ്‍വീനര്‍ തള്ളിപ്പറഞ്ഞു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ആയുധങ്ങള്‍ കൈവശം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല. ജനാധിപത്യ പ്രക്രിയയുടെ ഭാഗമല്ല അത്. നിരവധി പേരെയാണ് ദേശീയ തലത്തില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. അതിനെ പ്രകീര്‍ത്തിക്കാന്‍ സാധിക്കില്ല. മാവോയിസ്റ്റുകളെ അക്രമ നിലപാടിനെ എതിര്‍ക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരായ യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ സിപിഎം പ്രമേയം പാസാക്കിയിരുന്നു. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. താഹ ഫസലിനെയും അലൻ ഷുഹൈബിനെയും അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയായി പോയെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.

Read Also: ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്ന നടപടി; പൊലീസിനെതിരെ സിപിഎം പ്രമേയം പാസാക്കി

പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു. പന്തീരാങ്കാവിൽ നടന്നത് യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താൻ സാധിക്കുന്ന കുറ്റമല്ലെന്നും പ്രമേയത്തിൽ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി ദാസൻ, സി.പി മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഏരിയ കമ്മിറ്റി യോഗം ചേർന്ന് പ്രമേയം പാസാക്കിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏരിയ കമ്മിറ്റി നടപടിക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ഇതിലൂടെ സിപിഎം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.