കൊച്ചി : മൂവാറ്റുപുഴയ്ക്കടുത്തുള്ള വടയമ്പാടി ഭജനമഠത്തിലെ ജാതിമാതിലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരു വിഭാഗം ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു. ക്ഷേത്ര ഭൂ സംരക്ഷണ സമിതി എന്ന കുടക്കീഴില്‍ ഹിന്ദു ഐക്യവേദി, എന്‍എസ്എസ്, ബിജെപിക്കൊപ്പമുള്ള കെപിഎംഎസ് വിഭാഗം, ഭജനമഠം ക്ഷേത്രസംരക്ഷണ സമിതി എന്നിവരാണ് ഒന്നിക്കുന്നത്.

‘നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭജനമഠത്തില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തിന് പിന്നില്‍ എസ്ഡിപിഐ, മാവോയിസ്റ്റ് സംഘടനകളാണ്’ എന്നും ‘ദലിത് കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ച് വൈകാരികതലത്തില്‍ എത്തിച്ചുമാണ് അവര്‍ ഭജനമഠത്തിലെ മതില്‍ തകര്‍ത്തത്’ എന്നും പൊതുപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സമിതിയുടെ പേരില്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. പൊതുസമൂഹത്തിന്‍റെ അറിവിലേക്കായി ആ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഫിബ്രവരി എട്ടാം തീയ്യതി വ്യാഴാഴ്ച ചൂണ്ടിക്കവലയില്‍ യോഗം നടത്തും എന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

വ്യാഴാഴ്ച ചൂണ്ടിക്കവലയില്‍ നടക്കുന്ന പരിപാടിയില്‍ ഈ സംഘടനകള്‍ക്ക് പുറമേ എസ്എന്‍ഡിപിയും വിശ്വകര്‍മ്മ സഭയും പങ്കെടുക്കും എന്നാണ് ഭജനമഠം ക്ഷേത്ര ഭൂസംരക്ഷണ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ പിആര്‍ കണ്ണന്‍ അവകാശപ്പെടുന്നത്.
” എട്ടാം തീയ്യതി അവിടെ നടക്കുന്ന സമരത്തില്‍ ഈ പ്രശ്നത്തിന്‍റെ കെടുതി അനുഭവിക്കുന്നവര്‍ മുഴുവന്‍ അന്നത്തെ പരിപാടിയില്‍ പങ്കെടുക്കും. അതില്‍ പരിസര പ്രദേശത്തെ മറ്റ് ക്ഷത്ര കമ്മറ്റി ഭാരവാഹികളും ഉള്‍പ്പെടും ” ആര്‍എസ്എസിന്‍റെ മൂവാറ്റുപുഴ ജില്ലയുടെ പ്രചാര്‍പ്രമുഖ് എന്ന ചുമതല കൂടി വഹിക്കുന്ന പിആര്‍ കണ്ണന്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് നടത്തുന്നത് ആര്‍എസ്എസ് ആണോ എന്ന ചോദ്യത്തിന് ആര്‍എസ്എസ്സിന് ഭജനമഠം ക്ഷേത്ര ഭൂസംരക്ഷണ സമിതിയുമായി നേരിട്ട് ബന്ധമില്ല എന്നായിരുന്നു കണ്‍വീനറുടെ വിശദീകരണം. ” ഒരു വ്യക്തി എന്ന നിലയില്‍ ഒരാള്‍ക്ക് തീരുമാനം എടുക്കണം എങ്കില്‍ സംഘടന വേണ്ട. ആര്‍എസ്എസുകാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ആര്‍എസ്എസ്സിനെ ഇങ്ങനെ കെട്ടിതൂക്കിയിട്ട് ചാട്ടവാറിട്ട് അടിക്കാനാണ്‌ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നോക്കുന്നത്. സാധാരണക്കാരിപ്പോള്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിച്ചാലെന്താ വിഎച്ച്പിയില്‍ പ്രവര്‍ത്തിച്ചാല്‍ എന്താ ?” ആര്‍എസ്എസ്സിന്‍റെ ഭാഗമായല്ല നാട്ടുകാരനായാണ് താന്‍ പ്രശ്നത്തില്‍ ഇടപെടുന്നത് എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ഭജനമഠം ക്ഷേത്രസംരക്ഷണ സമിതി കണ്‍വീനര്‍ പറഞ്ഞു.

ഭജനമഠത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള ചൂണ്ടിക്കവലയിലാണ് പരിപാടി നടക്കുക. പരിപാടിക്ക് സ്വാഭാവികമായും പൊലീസ് അനുമതി ലഭിക്കേണ്ടതാണ് എന്ന് ഭജനമഠം ക്ഷേത്രസംരക്ഷണ സമിതി കണ്‍വീനര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

വടയമ്പാടി ഭജനമഠത്തെ പൊതുസ്ഥലം മതിൽ കെട്ടി അടച്ചതിനെതിരെ ഞായറാഴ്ച ചൂണ്ടിക്കവലയില്‍ ദലിത് സംഘടനകൾ നടത്തിയ ആത്മാഭിമാന കൺവെൻഷന് എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. സമരക്കാർക്കെതിരെ രംഗത്ത് സംഘടിച്ചെത്തിയ സംഘപരിവാർ പ്രവർത്തകര്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.