തിരുവനന്തപുരം: ആറ്റിങ്ങൽ മുൻ എംപി ഡോ.എ.സമ്പത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമനം. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച നിയമനത്തിന് അംഗീകാരം നൽകിയത്.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നാണ് സർക്കാരിന്റെ നിയമനം സംബന്ധിച്ച വിശദീകരണം. സമ്പത്തിനെ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിക്കാൻ പാര്‍ട്ടി നേരത്തെ അനുമതി നല്‍കിയിരുന്നു.

Kerala News Live Updates: അമ്പലവയല്‍ സദാചാരാക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

ഡൽഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ചാവും ലെയ്സൺ ഓഫീസ് പ്രവർത്തിക്കുക. സമ്പത്തിന്‍റെ ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാരും ഒരു പ്യൂണും ഡ്രൈവറും ഉണ്ടാവും. ഒരു വാഹനവും അനുവദിച്ചിട്ടുണ്ട്. ലെയ്‌സൺ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേ ഇതാദ്യമായാണ് രാഷ്ട്രീയനിയമനം നടത്തുന്നത്.

2009 മുതല്‍ 2019 വരെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ എംപിയായിരുന്നു സമ്പത്ത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് 38,247 വോട്ടുകൾക്ക് സമ്പത്ത് പരാജയപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.