Latest News

എ ആര്‍ നഗര്‍ ബാങ്ക്: മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കെ ടി ജലീല്‍, ‘പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റത്’

മുസ്ലിം ലീഗിന്റെ ‘പുലിക്കുട്ടി’ അഴിമതിപ്പണമുപയോഗിച്ചു നടത്തുന്ന ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ടുവരല്‍ ഓരോ പൗരന്റെയും കടമയാണ്. ആ ബാധ്യതാ നിര്‍വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്കു പകരുന്ന ആവേശത്തിനു സമാനതകളില്ലെന്നും ജലീല്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു

AR Nagar service bank, KT Jaleel on AR Nagar service bank, Pinarayi vijyan, AR Nagar service bank scam, AR Nagar service bank scam ED, KT Jaleels new facebook post on AR Nagar service bank issue, indian express malayalam, ie malayalam

കൊച്ചി: എ ആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ തന്നെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് കെ ടി ജലീല്‍ എം എല്‍ എ. മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എആര്‍ നഗര്‍ ബാങ്കിനെതിരെ ജലീല്‍ ഉന്നയിച്ച വാദങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ നയങ്ങളുടെ ഭാഗമല്ലെന്നും ജലീല്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് ആര് പറഞ്ഞെന്നും മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ജലീലിന്റെ പ്രതികരണം.

”എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഹരികുമാറിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്‌സ് ഹവാല ഇടപാടുകള്‍ പുറത്തുകൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണ്,” ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സാധാരണ ഗതിയില്‍ ഒരു പ്രാഥമിക സഹകരണ സംഘത്തില്‍ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അംഗങ്ങളും ഇരുപതിനായിരത്തില്‍ താഴെ അക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാല്‍ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും. എന്നാല്‍ എആര്‍ നഗര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തില്‍ അറുപതിനായിരത്തിലധികം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണുള്ളത്. ഇതില്‍ നിന്നുതന്നെ കാര്യങ്ങളുടെ ‘ഗുട്ടന്‍സ്’ ആര്‍ക്കും പിടികിട്ടും.

എആര്‍ നഗര്‍ ബാങ്കില്‍ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാന്‍ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാര്‍ട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’ നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം ‘കമ്പനി’ക്കാണ്.

ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ടുവരല്‍ ഓരോ പൗരന്റെയും കടമയാണ്. ആ ബാധ്യതാ നിര്‍വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്കു പകരുന്ന ആവേശത്തിനു സമാനതകളില്ലെന്നും ജലീല്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് കെടി ജലീല്‍ എംഎല്‍എ ഉന്നയിച്ച വാദങ്ങളോട് പ്രതികരിച്ചത് അദ്ദേഹത്തെ തള്ളിപ്പറയലല്ലെന്നും സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇഡി ഇടപെടേണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

Also Read: ജലീലിനെ തള്ളിയതല്ല; വ്യക്തി വിരോധം തീർക്കുകയാണെന്ന് ആര് പറഞ്ഞു?: മുഖ്യമന്ത്രി

എ ആര്‍ നഗര്‍ ബാങ്കില്‍ നടന്ന 1029 കോടി രൂപയുടെ തീവെട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും സെപ്റ്റംബര്‍ ഏഴിനു പരാതി നല്‍കിയെന്ന് ജലീല്‍ ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. സഹകരണ ഇന്‍സ്‌പെക്ഷന്‍ വിങ്ങിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പിയും കൈമാറിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണവും ആവാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ജലീല്‍ പോസ്റ്റില്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: A r nagar bank scam kt jaleels new facebook post cm pinarayi vijayan

Next Story
കണ്ണൂരിലെ ‘ദൃശ്യം’ മോഡൽ കൊലപാതകം: പ്രതിയെ പിടികൂടിയത് മൊബൈൽ ഫോൺ പിന്തുടർന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com