കൊച്ചി: കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയായ ഇയാൾ കോഴിക്കോട്ട് നിന്നാണ് ട്രെയിനിൽ കയറിയത്. 29 വയസ് പ്രായമുള്ള​ ഇദ്ദേഹം കോഴിക്കോട് കുന്ദമംഗലത്ത് കെഎസ്ഇബി ജീവനക്കാരനാണ്.

കോവിഡ് 19 പരിശോധനാഫലം വരുന്നതിന് മുമ്പ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ട ഇയാൾ, തൃശൂർ എത്തിയതോടെ ഫലം പൊസിറ്റീവ് ആണെന്ന് അറിയുകയും തുടർന്ന് റെയിൽവെ അധികൃതരെ വിവരം അറിയിക്കുകയും റെയിൽവെ ആരോഗ്യവിഭാഗം ഇയാളെ തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ആയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read More: നാളെ മുതൽ പഴയനിരക്കിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നടത്തും

മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്രവം പരിശോധനയ്‌ക്കെടുത്തത്. എന്നാല്‍ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ ഫലം വരുന്നത് കാത്തുനില്‍ക്കാതെ ഇയാള്‍ ഇന്നു രാവിലെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

കോവിഡ് ബാധിതനായ ആൾ യാത്ര ചെയ്തെന്ന് തിരിച്ചറിഞ്ഞതോടെ ട്രെയിനിലെ ആ കമ്പാര്‍ട്ട്മെന്റ് സീൽ ചെയ്തു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ ഇവിടെ നിന്ന് മാറ്റി. ട്രെയിൻ തിരുവനന്തപുരത്തെത്തി അണുവിമുക്തമാക്കും.

ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഒപ്പം ജോലി ചെയ്തിരുന്ന അറുപതോളം കരാർ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താനും തീരുമാനം ആയി. കഴിഞ്ഞ ദിവസം രോഗം ഉണ്ടെന്ന് സംശയിക്കുന്നവർക്കായി കുന്ദമംഗലം പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ ശ്രവം നൽകിയത്. പരിശോധനഫലം വരുന്നതിന് മുമ്പ് ഇയാൾ നാട്ടിലേക്ക് പോവുകയായിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.