കൊച്ചി: മലയാള സിനിമാ മേഖലയ്ക്ക് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാൻ സിനിമാ മേഖലയിൽ ഉന്നതാധികാര സമിതി വരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും മറ്റും മലയാള സിനിമയ്ക്ക് നഷ്ടമായ പേര് വീണ്ടെടുക്കനാണ് നടപടി.

താരസംഘടനയായ അമ്മ, ഫെഫ്ക, തീയേറ്റർ ഉടമകളുടെ സംഘടന എന്നിവയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സംഘടനാ പ്രതിനിധികൾ കൊച്ചിയിൽ യോഗം ചേർന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ അമ്മ അടക്കമുളള സിനിമാ സംഘടനകള്‍ പ്രതിരോധത്തിലായിരുന്നു. സംഭവത്തില്‍ അമ്മയെടുത്ത നിലപാടും വിമര്‍ശനത്തിന് വഴിവെച്ചു. അമ്മ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ നടനും എംഎല്‍എമാരുമായ മുകേഷും ഗണേഷ്കുമാറും എടുത്ത മാധ്യമവിരുദ്ധ നിലപാടും ഏറെ വിവാദമായി.

ഇതിന് പിന്നാലെ അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശവും ഏറെ പഴി കേട്ടു. ഇതിന് പിന്നാലെ മറ്റ് ചില നടന്മാരും നടിയെ അവഹേളിച്ച് രംഗത്തെത്തി. ഇതിന് പുറമെ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനെതിരെയും പൊലീസ് കേസെടുത്തു. ചിത്രത്തില്‍ നടിയുടെ അനുവാദമില്ലാതെ ബോഡി ഡബിള്‍ ഉപയോഗിച്ചതിനാണ് നടപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ