എരുമേലി: എസ്‌പി യതീഷ് ചന്ദ്രയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ. യതീഷ് ചന്ദ്ര നമ്പർ വൺ ക്രിമിനിലാണെന്ന് രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതുവൈപ്പ് സമരത്തിലെ യതീഷ് ചന്ദ്രയുടെ നടപടിയുടെ ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ കാണിച്ചാണ് എ.എൻ.രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചത്.

നിലയ്‌ക്കലിൽ പൊലീസ് ചുമതല വഹിക്കുന്ന് യതീഷ് ചന്ദ്രയാണ്. ബുധനാഴ്ച കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനൊപ്പം നിലയ്ക്കലിൽ എത്തിയ എ.എൻ രാധാകൃഷ്ണൻ എസ്‌പി യതീഷ് ചന്ദ്രയുമായി വാഗ്‌വാദത്തിൽ ഏർപ്പെട്ടിരുന്നു. നിലയ്ക്കലിൽനിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടപ്പോൾ, ഗതാഗതക്കുരുക്ക് ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്ന് എസ്‌പി തിരിച്ചു ചോദിച്ചു. ഇതു കേട്ടപ്പോഴാണ് ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ എസ്‌പിയോട് തട്ടിക്കയറിയത്.

നിങ്ങൾ ചെയ്യേണ്ട പണി ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാണോയെന്നു ചോദിച്ച് രാധാകൃഷ്ണൻ കയർത്തു. എസ്‌പി മറുപടി പറയാതെ രാധാകൃഷ്ണന്റെ മുഖത്തേക്ക് നോക്കി. ഇതു കണ്ടതും മുഖത്ത് നോക്കി പേടിപ്പിക്കുന്നത് എന്തിനാണെന്നും മന്ത്രിയോട് മര്യാദയ്ക്ക് സംസാരിക്കണമെന്നും പറഞ്ഞ് രാധാകൃഷ്ണൻ കയർക്കുകയായിരുന്നു.

കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി എസ്‍‌‌പി ഹരിശങ്കർ അപമാനിച്ചെന്നും എ.എൻ.രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എസ്‌പി ഹരിശങ്കറിനെയും എ.എൻ.രാധാകൃഷ്ണൻ കടന്നാക്രമിച്ചു. സിപിഎം നേതാവും ദേവസ്വം ബോർഡ് മെമ്പർ ശങ്കർദാസിന്റെ മകനുമാണ് എസ്‌പി ഹരിശങ്കർ. അദ്ദേഹം യതീഷ് ചന്ദ്രയ്‌ക്ക് പഠിക്കുകയാണിപ്പോൾ. ഹരിശങ്കറിനെ ഉപയോഗപ്പെടുത്തിയാണ് കേന്ദ്രമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചതെന്നും എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു.

പമ്പയിൽ കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നായിരുന്നു ബിജെപിയുടെ വാദം. പമ്പ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുവച്ച് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി. സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര. ഒപ്പം മറ്റു രണ്ടു വാഹനങ്ങളും ഉണ്ടായിരുന്നു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് തടഞ്ഞത് മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടതായിരുന്നുവെന്നായിരുന്നു ബിജെപിയുടെ വാദം.

എന്നാൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹം തടഞ്ഞെന്ന വിവാദത്തിൽ പൊലീസ് തെളിവ് പുറത്തുവിട്ടിരുന്നു. പൊലീസ് തടഞ്ഞത് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിൽപെട്ടതല്ലെന്നും മറ്റൊരു വാഹനമാണെന്നും തെളിയിക്കുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടി ദൃശ്യങ്ങൾ. കേന്ദ്രമന്ത്രി ഉൾപ്പെട്ട വാഹനവ്യൂഹം 1.13 നാണ് കടന്നുപോയത്. പൊലീസ് തടഞ്ഞ വാഹനം 1.20 നാണ് എത്തിയത്. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ