scorecardresearch

ഇന്റർവ്യൂ എടുത്തിട്ട് വരൂ, ഞാൻ പുറത്തിരിക്കാം; പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടിയെ ഓർത്ത് ലിസ് മാത്യു

'ഇത്രമേൽ ഊഷ്മളനായ ഒരു രാഷ്ട്രീയക്കാരനെ, എന്റെ 27 വർഷത്തെ പൊളിറ്റിക്കൽ റിപ്പോർട്ടിംഗിൽ വേറെ കണ്ടിട്ടില്ല...' ഉമ്മൻ ചാണ്ടിയെ ഓർത്ത് ലിസ് മാത്യു

'ഇത്രമേൽ ഊഷ്മളനായ ഒരു രാഷ്ട്രീയക്കാരനെ, എന്റെ 27 വർഷത്തെ പൊളിറ്റിക്കൽ റിപ്പോർട്ടിംഗിൽ വേറെ കണ്ടിട്ടില്ല...' ഉമ്മൻ ചാണ്ടിയെ ഓർത്ത് ലിസ് മാത്യു

author-image
Liz Mathew
New Update
Oomen Chandy

Oomen Chandy (Express Archive Photo)

പൊളിറ്റിക്കൽ റിപ്പോർട്ടർ എന്ന നിലയിൽ, ദിവസവും അനേകം രാഷ്ട്രീയക്കാരെ കാണുന്നതാണ്. അതിൽ വ്യക്തിപരമായി വളരെ ആഴത്തിൽ സ്വാധീനം ചെലുത്തുന്നവരെ കണ്ടുമുട്ടുന്നത് ചുരുക്കമാണ്. ചൊവ്വാഴ്‌ച രാവിലെ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഉമ്മൻചാണ്ടി അത്തരത്തിൽ ഒരാളായിരുന്നു.

Advertisment

ഇത്രമേൽ ഊഷ്മളനായ ഒരു രാഷ്ട്രീയക്കാരനെ, എന്റെ 27 വർഷത്തെ പൊളിറ്റിക്കൽ റിപ്പോർട്ടിംഗിൽ വേറെ കണ്ടിട്ടില്ല എന്ന് പറയാം.
ഡൽഹിലെ അധികാരത്തിന്റെ ഇടനാഴികളിൽ അസ്വസ്ഥനായിരുന്ന, ജനങ്ങൾക്കൊപ്പം നടക്കാനിഷ്ടപ്പെട്ടിരുന്ന ഒരു പീപ്പിൾസ് ലീഡർ ആയിരുന്നു അദ്ദേഹം.

ഒഴിവാക്കാനാവാത്ത പക്ഷം മാത്രം തലസ്ഥാനത്ത് എത്തിയിരുന്ന, അതും ചുരുക്കം സമയത്തേക്ക്, കോൺഗ്രസ്സ് ഉന്നതരെയോ കേന്ദ്രമന്ത്രിമാരെയോ കാണാൻ വേണ്ടി മാത്രം, തന്റെ സന്ദർശനം ഒതിക്കിയിരുന്ന നേതാവ്. കെ കരുണാകരൻ, എ കെ ആന്റണി എന്നിവരിൽ നിന്ന് വ്യത്യസ്തമായി, ദേശീയ രാഷ്ട്രീയത്തിലേക്ക് ചായാതെ, പാർട്ടി പ്രവർത്തകരും ജനങ്ങളുമായി ചുറ്റപ്പെട്ട് മലയാളത്തിൽ അവരുമായി സംവദിച്ച്, കേരളത്തിൽ തന്നെ സന്തോഷം കണ്ടെത്തിയ ആളായിരുന്നു ഉമ്മൻ ചാണ്ടി.

അദ്ദേഹം തന്റെ ഗ്രാമമായ പുതുപ്പള്ളിയിൽ വീട്ടിലായിരിക്കുമ്പോൾ, ആ നാട്ടുകാർക്ക് വേണ്ടി സമയം കണ്ടെത്തുമെന്ന് ഉറപ്പു വരുത്തി - അദ്ദേഹത്തിന്റെ ദിവസങ്ങൾ പുലർച്ചെ 4 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ നീണ്ടു. സെക്രട്ടേറിയറ്റിലെ ഔദ്യോഗിക മുറി പോലും എപ്പോഴും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.

Advertisment

ഒരു വ്യവസായി ഒരിക്കൽ പറഞ്ഞു: 'ചാണ്ടിയുമായി രഹസ്യമായി ഒന്നും ചർച്ച ചെയ്യാൻ കഴിയില്ല. ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ കയറിയപ്പോൾ ചുറ്റും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ടു. ടോയ്‌ലറ്റിന്റെ വാതിലിനു സമീപം ഫോണിൽ സംസാരിക്കുകയായിരുന്നു അപ്പോൾ മുഖ്യമന്ത്രി.'

ഉമ്മൻ ചാണ്ടിയുമായുള്ള ഒരു കൂടിക്കാഴ്ച ഓർമ്മയിൽ തെളിവോടെ ഇപ്പോഴും. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേള. അദ്ദേഹം അപ്പോൾ മുഖ്യമന്ത്രിയായിരുന്നു. ഒരു അഭിമുഖത്തിനായി ദീപികയിൽ (എന്റെ ആദ്യ ജോലി) എന്റെ സീനിയറായിരുന്ന അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി ടി ചാക്കോ, ഞാൻ അദ്ദേഹത്തോടൊപ്പം പുതുപ്പള്ളിയിലേക്ക് യാത്ര ചെയ്യാൻ നിർദ്ദേശിച്ചു. രണ്ടു മണിക്കൂറിലേറെയുള്ള യാത്രയായിരുന്നു, എനിക്ക് വേണ്ടത്ര സമയം കിട്ടും, ചാക്കോ ഉറപ്പു നൽകി.

ഉമ്മൻ ചാണ്ടിയുമായി ഒരു ഇന്റർവ്യൂ ആഗ്രഹിച്ചു ഡൽഹയിൽ നിന്നും വന്ന മറ്റൊരു സുഹൃത്തിനൊപ്പം ഞാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്തി. നേരം പുലർന്നിരുന്നു, ഗേറ്റിലെ സെക്യൂരിറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ ഞങ്ങളെ അകത്തേക്ക് കടത്തി വിട്ടു. ഞങ്ങൾ അകത്തേക്ക് എത്തുമ്പോൾ, ഒരു മെമ്മോറാണ്ടവും പിടിച്ച് കുറച്ച് ആളുകൾ അവിടെ ഉണ്ടായിരുന്നു.

ഉമ്മൻ ചാണ്ടി പതിവു പോലെ വെള്ള ഖാദി ഷർട്ടും മുണ്ടും ധരിച്ച് അവരോട് ഓരോരുത്തരായി സംസാരിച്ചു തുടങ്ങി. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല എന്ന് ഒരു നിമിഷം ഞാൻ കരുതി, പെട്ടെന്ന് തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു, ഞാൻ ദില്ലിയിൽ നിന്ന് തനിച്ചാണോ വന്നതെന്ന്. ദീർഘയാത്രയ്ക്ക് മുമ്പ് എന്നെ പരിചയപ്പെടുത്താൻ ബുദ്ധിമുട്ടേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തിലായി ഞാൻ.

ഞങ്ങളുടെ സ്യൂട്ട്കേസുകൾ തന്റെ ഇന്നോവ കാറിനുള്ളിൽ സൂക്ഷിക്കാൻ അദ്ദേഹം സഹായികളോട് ആവശ്യപ്പെട്ടു. ബൂട്ടിൽ മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക് കൊണ്ടു പോകുന്ന വീട്ടുസാധനങ്ങൾ നിറച്ചിരുന്നു, പിൻസീറ്റിൽ ചില പാക്കറ്റുകളും ഉണ്ടായിരുന്നു. ചാണ്ടിയുടെ അടുത്തിരുന്ന് ഞാൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തു, എന്നിട്ട് എന്റെ സുഹൃത്ത് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചു. കുടുംബം, ഡൽഹി ജീവിതം, മാധ്യമങ്ങൾ, ദേശീയ രാഷ്ട്രീയം തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ അദ്ദേഹം തയ്യാറായി..

കാർ ചങ്ങനാശേരിയിലെത്തിയപ്പോൾ മുഖ്യമന്ത്രി ചോദിച്ചു: 'സുകുമാരൻ നായരെ (എൻഎസ്‌എസിന്റെ പ്രസിഡന്റ്) ഞാൻ സന്ദർശിക്കുന്നതിൽ വിരോധമുണ്ടോ? നിങ്ങൾക്ക് വൈകുമോ?'

തെരഞ്ഞെടുപ്പു സമയമായിരുന്നു, കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിക്ക് നായർ സമുദായത്തിന്റെ പിന്തുണ ഉറപ്പു വരുത്തേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ മര്യാദ എന്നിൽ ഒരു ജാള്യത ഉണ്ടാക്കി എങ്കിലും, എന്നിലെ പത്രപ്രവർത്തക ആ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിച്ചു. സുകുമാരൻ നായരുമായി ഒരു മീറ്റിംഗ് നടത്താൻ ഞാനും ശ്രമിക്കുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 'എങ്കിൽ നിങ്ങൾ എന്റെ കൂടെ വരൂ, അദ്ദേഹത്തെ കാണാൻ ഞാൻ നിങ്ങളെ സഹായിക്കും,' ഉമ്മൻ ചാണ്ടി പറഞ്ഞു.

സുകുമാരൻ നായർ ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനാൽ, ഉമ്മൻ ചാണ്ടിയോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം എത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി 10 മിനിറ്റോളം നിശബ്ദനായി കാത്തിരിക്കുകയും തുടർന്ന് നായരുടെ മുറിയിൽ ഇരുവരും ഹ്രസ്വ സംഭാഷണം നടത്തുകയും ചെയ്തു. അവർ രണ്ടു പേരും പുറത്തു വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞു: 'ലിസ്, നിങ്ങൾക്ക് ഇദ്ദേഹവുമായി ഒരു അഭിമുഖം വേണം വേണ്ടേ? പോയി അത് തീർത്തിട്ട് വരൂ. ഞാൻ ഇവിടെ കാത്തിരിക്കാം'

സ്തംഭിച്ചു പോയ ഞാൻ സുകുമാരൻ നായരോട് പിന്നീട് ഫോണിൽ സംസാരിക്കാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പേഴ്‌സണൽ നമ്പർഇ എനിക്ക് നൽകാനായി ഉമ്മൻ ചാണ്ടി ആവശ്യപ്പെടുകയും സുകുമാരൻ നായർ എന്റെ കോൾ എടുക്കാമെന്ന് ഉറപ്പ് തരികയും ചെയ്തു. (നായർ വാക്ക് പാലിച്ചു, ദ ഇന്ത്യൻ എക്‌സ്പ്രസിന് വേണ്ടി ആ അഭിമുഖം ഫോണിൽ നടത്തി.)

വീണ്ടും യാത്ര തുടർന്ന ഞങ്ങൾ വഴിയിൽ വീണ്ടും രോഗിയായ ഒരു കോൺഗ്രസ് നേതാവിനെ കാണാൻ വേണ്ടി അഞ്ച് മിനിറ്റ് നിർത്തി. ഒരു സവാരി കിട്ടുമോ എന്ന് ഉമ്മൻ ചാണ്ടിയുമായി അടുപ്പമുള്ള ഒരു പ്രാദേശിക കോൺഗ്രസ് നേതാവ് ചോദിച്ചു, അദ്ദേഹം സമ്മതിച്ചു, പക്ഷേ ഇതിനകം തന്നെ ആളുകളാൽ 'പാക്കഡ്' ചെയ്ത കാറിൽ ഇടം കണ്ടെത്തണം. എനിക്കൊരിക്കലും മറക്കാനാകാത്ത രംഗമായിരുന്നു പിന്നീട് കണ്ടത് - ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക കാറിൽ, തിങ്ങി നിറഞ്ഞ ആളുകളുടെ ഇടയിൽ, ഒന്ന് നിവരാൻ പോലുമാകാതെ ഇരിക്കുന്നു.

ഉമ്മൻ ചാണ്ടിയുമൊത്ത് സമാനമായ അനുഭവങ്ങളുള്ള ആളുകൾ വേറെയും ഉണ്ട്. അദ്ദേഹത്തിന്റെ വിനയത്തിന്റെ, ഔദാര്യത്തിന്റെ കഥകൾ അറിയുന്നവർ. അവർ അത് ഒരിക്കലും പരസ്യമാക്കിയില്ല, കാരണം ഉമ്മൻ ചാണ്ടിയ്ക്ക് അതായിരുന്നു ഇഷ്ടം. ആ കഥകളെക്കുറിച്ചൊക്കെ ആരെങ്കിലും ചോദിച്ചാൽ, അദ്ദേഹം പുഞ്ചിരിക്കും, ഒരു നിറഞ്ഞ പുഞ്ചിരി.

Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: